ന്യൂദല്‍ഹി: ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിനെതിരെയും ലോക്‌സഭ സ്പീക്കര്‍ സുമിത്രമഹാജനെതിരെയും പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഭീമഹരജി നല്‍കാനൊരുങ്ങുന്നു. ഉപരാഷ്ട്രപതി സഭയില്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് ഉപരാഷ്ട്രപതിക്കെതിരെ ഹരജി നല്‍കിയിരിക്കുന്നത്.
സഭയില്‍ ഭരണപക്ഷ പാര്‍ട്ടിക്ക് അനുകൂലമായാണ് നായിഡു പെരുമാറുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. ആദ്യമായാണ് രാജ്യസഭാ അധ്യക്ഷനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി ഹരജി നല്‍കാനൊരുങ്ങുന്നത്.
രാജ്യസഭ ടിവി ചാനല്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഇകഴ്ത്തി കാണിക്കുകയും ഭരണപക്ഷ പാര്‍ട്ടിയുടെ നിലപാടുകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. രാജ്യസഭാ വെബ്‌സൈറ്റില്‍ നിന്നും പ്രതിപക്ഷത്തിന്റെ ചോദ്യവും അതിന് സര്‍ക്കാര്‍ നല്‍കിയ മറുപടിയും ഒഴിവാക്കി, തുടങ്ങി നിരവധി ആരോപണങ്ങളാണ് ഹരജിയില്‍ ഉന്നയിക്കുന്നത്.
നോട്ട് നിരോധനത്തെ കുറിച്ചും സഹകരണബാങ്കില്‍ ബി.ജെ.പി പ്രസിഡന്റ് അമിത് ഷായുടെ നിക്ഷേപത്തെ കുറിച്ചുമുള്ള ചോദ്യങ്ങളാണ് ഒഴിവാക്കിയത്. പിന്നീട് മാധ്യമങ്ങള്‍ ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ സൈറ്റില്‍ തിരിച്ചെത്തിയെന്നും കോണ്‍ഗ്രസ് ചുണ്ടിക്കാട്ടുന്നു.
കോണ്‍ഗ്രസിന് പുറമേ തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളും ഹരജിയില്‍ ഒപ്പുവെച്ചിട്ടുണ്ട്.