ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ചുമത്തിയ കേസില്‍ ഡോ. കഫീല്‍ഖാനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ നിര്‍ത്തിവെച്ച് അലഹബാദ് ഹൈക്കോടതി.
അലിഗഡ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച യു.പി പൊലിസ് അതിനു മുമ്പ് സര്‍ക്കാരിന്റെ അനുമതി വാങ്ങിയില്ലെന്ന കഫീല്‍ ഖാന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കേസ് കീഴ്ക്കോടതിയിലേക്ക് തിരിച്ചയച്ചു.
2019 ഡിസംബര്‍ 13 ന് കഫീല്‍ ഖാന്‍ നടത്തിയ പ്രസംഗം അലിഗഡിലെ സമാധാന അന്തരീക്ഷം തകര്‍ത്തെന്നാണ് യു.പി പൊലീസ് ആരോപിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 13 ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ച കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യു.പി പൊലീസ് അറസ്റ്റുചെയ്തത്. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
എന്നാല്‍ സെപ്റ്റംബര്‍ ഒന്നിന് കഫീല്‍ ഖാന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതിനൊപ്പം അദ്ദേഹത്തിനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കുകയായും ചെയ്തിരുന്നു. നിയമവിരുദ്ധമായാണ് ദേശീയ സുരക്ഷാനിയമം ചുമത്തിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി.