ഉത്തർപ്രദേശ്; പീഡിപ്പിച്ച അനന്തരവനെതിരെ പരാതി നൽകിയ യുവതിയെ ആക്രമിച്ച് കുടുംബം
national news
ഉത്തർപ്രദേശ്; പീഡിപ്പിച്ച അനന്തരവനെതിരെ പരാതി നൽകിയ യുവതിയെ ആക്രമിച്ച് കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th September 2024, 11:20 am

ലഖ്‌നൗ: അനന്തരവൻ നിരന്തരമായി ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ടതിനെ തുടർന്ന് യുവതിക്ക് ഭർതൃവീട്ടുകാരുടെ ക്രൂരമർദനം. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം നടന്നത്. സെപ്റ്റംബർ മൂന്നിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.

തന്റെ അനന്തരവനായ രാജ് പല തവണകളായി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി പരാതി പറഞ്ഞിരുന്നു. തുടർന്ന് ഭർത്താവും ഭർതൃവീട്ടുകാരും യുവതിയെ അതിക്രൂരമായി മർദിക്കുകയായിരുന്നു. യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് ആക്രമിക്കുകയും തല മൊട്ടയടിക്കുകയും വടികൊണ്ട് അടിക്കുകയും ചെയ്തു. വീഡിയോയിൽ കാണുന്ന പ്രധാന അക്രമി യുവതിയുടെ ഭർത്താവാണെന്ന് യുവതി സ്ഥിരീകരിച്ചിട്ടുണ്ട്.

യുവതി തന്റെ അനന്തരവൻ തന്നെ ശല്യപ്പെടുത്തുന്നതായി പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. കാര്യം ശ്രദ്ധിച്ച ഗ്രാമപഞ്ചായത്ത് അവരുടെ തല മൊട്ടയടിക്കാൻ ഉത്തരവിടുകയും അവളെ പരസ്യമായി മർദിക്കാൻ ഭർത്താവിനോട് നിർദ്ദേശിക്കുകയും ചെയ്യുകയായിരുന്നു.

യുവതിയെ കൈകാലുകൾ ബന്ധിച്ച് ആൾക്കൂട്ടത്തിന് മുന്നിൽ വെച്ച് ആക്രമിക്കുന്ന ക്രൂരമായ ദൃശ്യങ്ങൾ വീഡിയോയിൽ കാണാൻ സാധിക്കും. ആൾക്കൂട്ടത്തിന് മുന്നിൽ വെച്ച് ഭർത്താവ് യുവതിയെ മരത്തടി കൊണ്ട് ആവർത്തിച്ച് മർദിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.വേദനകൊണ്ട് കരയുന്ന യുവതി കുഴഞ്ഞ് വീണിട്ടും പുരുഷന്മാർ അവരെ മാറി മാറി ആക്രമിക്കുന്നുണ്ട് ദൃശ്യത്തിൽ.

വീഡിയോ വൈറലായതോടെ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിന്നാലെ ഭർത്താവിനെയും മറ്റ് ആറ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കനൗജ് പോലീസ് സൂപ്രണ്ട് അമിത് കുമാർ ആനന്ദ് പറഞ്ഞു. ‘ഒരു സ്ത്രീയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിൽ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്,’ പൊലീസ് സൂപ്രണ്ട് പറഞ്ഞു.

 

Content Highlight: UP Horror: Woman’s Head Shaved, Beaten Publicly After She Accuses Nephew Of Harassment