കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി പ്രീണന നയമാണ് പിന്തുടരുന്നതെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി.ജെ.പി അധികാരത്തിലിരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിയമവാഴ്ചയാണ് നിലനില്‍ക്കുന്നതെന്നുമായിരുന്നു യോഗിയുടെ പ്രസ്താവന. മാള്‍ഡയില്‍ നടത്തിയ ബി.ജെ.പി റാലിക്കിടെയായിരുന്നു യോഗിയുടെ ഈ പരാമര്‍ശം.
‘രാമദ്രോഹികള്‍ക്ക് ബംഗാളില്‍ മാത്രമല്ല രാജ്യത്ത് തന്നെ നിലനില്‍ക്കാനുള്ള അവകാശമില്ല. ജയ് ശ്രീറാം എന്ന് വിളിക്കാന്‍ പോലും ജനങ്ങളെ അനുവദിക്കുന്നില്ല. ബംഗാളില്‍ പ്രീണന നയമാണ് മമത പിന്തുടരുന്നത്. നേരെ മറിച്ച് ബി..ജെ.പി ഭരിക്കുന്ന യു.പിയില്‍ നിയമവാഴ്ചയാണ് നിലനില്‍ക്കുന്നത്’, യോഗി പറഞ്ഞു.
പശ്ചിമ ബംഗാളില്‍ ‘ലവ് ജിഹാദ്’ നടന്നുകൊണ്ടിരിക്കുകയാണെന്നും യോഗി ആരോപണം ഉന്നയിച്ചിരുന്നു. ‘ലവ് ജിഹാദ്’ തടയാനായി യു.പി സര്‍ക്കാര്‍ നിയമമുണ്ടാക്കിയിട്ടുണ്ടെന്നും എന്നാല്‍ പ്രീണന രാഷ്ട്രീയം നടപ്പാക്കുന്ന ബംഗാളില്‍ ഇതുവരെ അത്തരത്തില്‍ ഒരു നിയമം കൊണ്ടുവന്നിട്ടില്ലെന്നും യോഗി പറഞ്ഞു.
ലവ് ജിഹാദ് ഇവിടെ നടപ്പിലാക്കുന്നു. യു.പിയില്‍ ഞങ്ങള്‍ ഒരു നിയമം ഉണ്ടാക്കി. എന്നാല്‍ ഇവിടെ പ്രീണന രാഷ്ട്രീയം ഉണ്ട്. അതിനാല്‍ പശു കള്ളക്കടത്തും ലവ് ജിഹാദും തടയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല,” യോഗി ആദിത്യനാഥ് പറഞ്ഞു.
അതേസമയം, ‘ലവ് ജിഹാദി’നെതിരെ ഗുജറാത്തിലും മത സ്വാതന്ത്ര്യ ബില്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.
മത സ്വാതന്ത്ര്യ ബില്‍ ഭേദഗതികളോടെ ഗുജറാത്ത് നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി പ്രദീപ് സിന്‍ഹ് ജഡേജയാണ് പറഞ്ഞത്.
ഗുജറാത്തില്‍ ‘ലവ് ജിഹാദി’ന്റെ ഭീഷണി നിയന്ത്രിക്കുക എന്നതാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്നും പേരുകള്‍ മാറ്റി ഹിന്ദു പെണ്‍കുട്ടികളെ വഞ്ചിക്കാന്‍ ശ്രമിക്കുന്ന എല്ലാവരെയും നിയമത്തിലൂടെ ശിക്ഷിക്കുമെന്നും ജഡേജ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക