national news
'ഭാരത മാതാവിനെ ആരാധിക്കല്‍, ത്രിവര്‍ണ യാത്ര, വന്ദേമാതര പാരായണം'; 'ദേശ സ്‌നേഹം' ജനങ്ങളിലെത്തിക്കാന്‍ ആര്‍.എസ്.എസ് തന്ത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 09, 05:34 am
Tuesday, 9th November 2021, 11:04 am

ലഖ്‌നൗ: യു.പി തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുതിയ തന്ത്രങ്ങളുമായി ആര്‍.എസ്.എസ്.

‘ദേശ സ്‌നേഹം’ ജനങ്ങളിലെത്തിക്കാന്‍ നിരവധി പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാരോട് പോരാടിയ റാണി ലക്ഷ്മി ഭായിയുടെ ജന്മദിനമായ നവംബര്‍ 19 മുതല്‍ 1971ലെ യുദ്ധത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയം ആഘോഷിക്കുന്ന ഡിസംബര്‍ 16 വരെയാണ് പരിപാടികള്‍.

ഗ്രാമപ്രദേശങ്ങളില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ‘ഭാരത് മാതാവി’നെ (മദര്‍ ഇന്ത്യ) ആരാധിക്കാന്‍ പദ്ധതിയിടുന്നതായും ആര്‍.എസ്.എസ് പറയുന്നു. മണ്‍വിളക്കുകള്‍ കത്തിച്ചും വന്ദേമാതരം കൂട്ടമായി പാരായണം ചെയ്തും ദീപാവലി പോലുള്ള അന്തരീക്ഷം സൃഷ്ടിക്കുമെന്നും ത്രിവര്‍ണ യാത്രകളും തെരുവ് നാടകങ്ങളും സംഘടിപ്പിക്കുമെന്നും ആര്‍.എസ്.എസ് പറയുന്നു.

ലഖ്നൗവില്‍, വന്ദേമാതരം ചൊല്ലാന്‍ ഒരു ലക്ഷത്തോളം കേഡര്‍മാരുടെ സമ്മേളനമാണ് ആര്‍.എസ്.എസ് ആസൂത്രണം ചെയ്യുന്നത്. മണ്‍വിളക്കുകളും തെളിക്കും.

വിശ്വഹിന്ദു പരിഷത്ത്, അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്, സമാന ചിന്താഗതിയുള്ള മറ്റ് സംഘടനകള്‍ എന്നിവയും കൂട്ടായ്മയുമായി സഹകരിക്കും.

യു.പി തെരഞ്ഞെടുപ്പാണ് ആര്‍.എസ്.എസിന്റെ ലക്ഷ്യം. മതം പറഞ്ഞ് വോട്ട് പിടിക്കാനുള്ള ശ്രമം ബി.ജെ.പി നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ട്.

 

Content Highlights: UP election, Rss, BJP new moves