339 കോടിക്ക് പിന്നാലെ 870 കോടി; യു.പിയിലേക്ക് വീണ്ടും കേന്ദ്രത്തിന്റെ ഭീമമായ ഫണ്ട്
ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലേക്ക് വീണ്ടും ഭീമമായ ഫണ്ടൊഴുക്കി കേന്ദ്രസര്‍ക്കാര്‍. 870 കോടി രൂപയുടെ പ്രൊജക്റ്റുകള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍ തറക്കല്ലിടുന്നത്.
യു.പി തെരഞ്ഞടുപ്പ് അടുത്തിരിക്കെ കേന്ദ്രം സംസ്ഥാനത്ത് വിവിധ ഫണ്ടുകളാണ് തിരക്കുപിടിച്ച് അനുവദിച്ചുകൊണ്ടിരിക്കുന്നത്.ഡിസംബര്‍ ആദ്യം 339 കോടി രൂപയുടെ ക്ഷേത്ര പദ്ധതികളാണ് മോദി യു.പിയില്‍ ഉദ്ഘാടനം ചെയ്തത്.
വാരണാസിയില്‍ കാശി വിശ്വനാഥ് ഇടനാഴി പദ്ധതിയുടെ ആദ്യ ഘട്ടം മോദി ഉദ്ഘാടനം ചെയ്തിരുന്നു. മോദിയുടെ നിയോജക മണ്ഡലമായ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തെയും ഗംഗാ ഘട്ടിനെയും ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.
ആദ്യ ഘട്ടത്തില്‍ 23 കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്.
നേരത്തെ, 2018 മുതല്‍ ഉത്തര്‍പ്രദേശില്‍ 60,000 കോടിയിലധികം രൂപയുടെ ഹൈവേ പദ്ധതികള്‍ കേന്ദ്രം പരിഗണിച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
അതില്‍ പകുതിയോളം തുകയുടെ പ്രൊപ്പോസലുകള്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന 2020-21 സാമ്പത്തിക വര്‍ഷം മാത്രമാണ് പരിഗണിച്ചത്.
റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വ്യാഴാഴ്ച പാര്‍ലമെന്റിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2020 മുതല്‍ പ്രൊപ്പോസലുകളുടെയും അത് അംഗീകരിച്ചു നല്‍കുന്നതിന്റെയും വേഗത കൂട്ടിയെന്നും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ സാമ്പത്തിക വര്‍ഷത്തില്‍ (202122) 28,700 കോടി രൂപയുടെ പദ്ധതികള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഡാറ്റ കാണിക്കുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Up election; PM Modi In UP’s Varanasi Today, To Launch Projects Worth ₹ 870 Crore