ലക്‌നൗ: ഉത്തര്‍പ്രദേശിലെയും രാജസ്ഥാനിലെയും ഗ്രാമീണ മേഖലയില്‍ തൊട്ടുകൂടായ്മ വലിയ തോതിലുണ്ടെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ജനസംഖ്യയുടെ മൂന്നില്‍ രണ്ടു ഭാഗത്തിനിടയില്‍ തൊട്ടുകൂടായ്മ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്.
തൊട്ടുകൂടായ്മ ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം നിലനില്‍ക്കെ തന്നെ ഗ്രാമീണ മേഖലയിലെ ഏതാണ്ട് എല്ലാവരും ദളിത് ഇതര വിഭാഗക്കാരും ദളിതരും തമ്മിലുള്ള വിവാഹത്തെ എതിര്‍ക്കുന്നവരാണെന്നും സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സ്ത്രീകളാണ് തൊട്ടുകൂടായ്മ ഏറ്റവുമധികം പിന്തുടരുന്നത്. രാജസ്ഥാനിലെ 66% വും യു.പിയിലെ 64% സ്ത്രീകളും തങ്ങളോ കുടുംബാംഗങ്ങളോ തൊട്ടുകൂടായ്മ പിന്തുടരുന്നവരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
രാജസ്ഥാനിലെ നഗരമേഖലകളിലെ 50% യു.പിയിലെ 48% പേരും തൊട്ടുകൂടായ്മ പിന്തുടരുന്നുണ്ടെന്ന് സമ്മതിച്ചു.
സോഷ്യല്‍ ആറ്റിറ്റിയൂഡ് റിസര്‍ച്ച് ഇന്ത്യയാണ് സര്‍വ്വേ നടത്തിയത്. സ്ത്രീകളും പുരുഷന്മാരുമായി 8065 പേരെയാണ് സര്‍വ്വേയുടെ ഭാഗമായി ഇന്റര്‍വ്യൂ ചെയ്തത്. സര്‍വ്വേ അടിസ്ഥാനമാക്കി തയ്യാറാക്കിയ പേപ്പര്‍ ഇ.പി.ഡബ്ല്യുവില്‍ ജനുവരി 6ന് പ്രസിദ്ധീകരിച്ചിരുന്നു.
ദല്‍ഹി, മുംബൈ, രാജസ്ഥാന്‍ യു.പി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് 2016ല്‍ ഫോണ്‍ വഴിയാണ് സര്‍വ്വേ നടത്തിയത്. 39% ജനങ്ങള്‍ക്കിടയിലാണ് ദല്‍ഹിയില്‍ തൊട്ടുകൂടായ്മ നിലനില്‍ക്കുന്നത്.