അമൽ നീരദിന് ആ ഫ്രഞ്ച് സിനിമ ചെയ്യാനായിരുന്നു ആഗ്രഹം, അതാണ് പിന്നീട് മായനദി ആയത്: ഉണ്ണി. ആർ
Entertainment
അമൽ നീരദിന് ആ ഫ്രഞ്ച് സിനിമ ചെയ്യാനായിരുന്നു ആഗ്രഹം, അതാണ് പിന്നീട് മായനദി ആയത്: ഉണ്ണി. ആർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th May 2024, 1:38 pm

കേരള കഫേക്ക് ശേഷം മലയാളത്തിൽ ഇറങ്ങി വലിയ ശ്രദ്ധ നേടിയ ആന്തോളജി ചിത്രമായിരുന്നു അഞ്ചു സുന്ദരികൾ. അമൽ നീരദ്, ഷൈജു ഖാലിദ്, സമീർ തഹീർ, അൻവർ റഷീദ്, ആഷിഖ് അബു എന്നിവരായിരുന്നു അഞ്ചു സുന്ദരികളിൽ വ്യത്യസ്ത സിനിമകൾ ഒരുക്കിയത്.

ഇവയിൽ അമൽ നീരദ് സംവിധാനം ചെയ്ത് ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു കുള്ളന്റെ ഭാര്യ. ഉണ്ണി. ആർ ആയിരുന്നു കുള്ളന്റെ ഭാര്യയുടെ കഥ ഒരുക്കിയത്. കുള്ളന്റെ ഭാര്യ എന്ന ചിത്രം ഉണ്ടായതിനെ കുറിച്ച് പറയുകയാണ് ഉണ്ണി ആർ.

 

കുള്ളന്റെ ഭാര്യയുടെ ഐഡിയ ഒരു വിദേശ കഥയിൽ നിന്നാണ് ലഭിച്ചതെന്നും അതിനെ കേരളത്തിന്റെ പശ്ചാത്തലത്തിലേക്ക് മാറ്റുകയാണ് ചെയ്തതെന്നും ഉണ്ണി.ആർ പറയുന്നു. അമൽ നീരദിന് ബ്രെത്ത്ലെസ് എന്ന ഫ്രഞ്ച് സിനിമയുടെ മാതൃകയിൽ ഒരു ചിത്രം ചെയ്യാനായിരുന്നു താത്പര്യമെന്നും അതാണ് പിന്നീട് മായനദി ആയതെന്നും ഉണ്ണി.ആർ പറഞ്ഞു. ട്രൂ കോപ്പി തിങ്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കുള്ളന്റെ ഭാര്യ നല്ല ഇൻട്രസ്റ്റിങ് അല്ലേ. അന്ന് അമൽ ചെയ്യാനിരുന്നത് ശരിക്കും ബ്രെത്ത്ലെസ് ആയിരുന്നു. അതാണ് പിന്നീട് മായനദിയാവുന്നത്. അമലിന് വളരെ പ്രിയപ്പെട്ട ഒരു സിനിമയായിരുന്നു അത്.

അവൻ എന്റടുത്തു നമുക്ക് ഇത് ചെയ്യാമെന്ന് പറഞ്ഞപ്പോൾ, ഞാൻ പറഞ്ഞു, ഞാൻ ഇങ്ങനെയൊരു കഥ വായിച്ചിട്ടുണ്ട് അത് ചെയ്യ്താലോയെന്ന്. ആ കഥ പറഞ്ഞപ്പോൾ തന്നെ അവനത് ഇഷ്ടമായി. അങ്ങനെയാണ് ഞങ്ങൾ കുള്ളന്റെ ഭാര്യയിലേക്ക് എത്തുന്നത്.

ശരിക്കും ആ കഥയിൽ ഈ കുള്ളനും ഭാര്യയും നടന്ന് പോവുന്നതൊക്കെയുണ്ട്. അത് വായിച്ചാൽ ചിലപ്പോൾ ഇഷ്ടമാവില്ല. അതിൽ സാംസ്കാരിക വിപ്ലവമൊക്കെയാണ് പറയുന്നത്. അതിനെ ഞാൻ നമ്മളുടെയൊരു ലോകമൊക്കെയാക്കി പരദൂഷണവും ഒളിച്ചുനോട്ടവുമെല്ലാം കൂട്ടിച്ചേർത്തു. അങ്ങനെയാണ് ആ ചിത്രം ഉണ്ടാവുന്നത്,’ഉണ്ണി.ആർ പറയുന്നു.

Content Highlight: Unni r Talk About Kullant Bharya Movie