national news
ജമ്മു കശ്മീരില്‍ വെള്ളപ്പൊക്കം; മരണസംഖ്യ അഞ്ചായി, രക്ഷാപ്രവര്‍ത്തനം തുടരുന്നു, ഗതാഗതം നിര്‍ത്തിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 20, 09:27 am
Sunday, 20th April 2025, 2:57 pm

ശ്രീനഗര്‍: ജമ്മു കശ്മീരിലെ റാംബാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇന്ന് (ഞായറാഴ്ച) മൂന്ന് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വെള്ളപ്പൊക്കത്തില്‍ നൂറിലധികം പേരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.

അതേസമയം കനത്ത മഴയെ തുടര്‍ന്ന് ദേശീയ പാതയില്‍ ഉള്‍പ്പെടെ മണ്ണിടിച്ചിലുണ്ടായതായും സ്ഥലങ്ങളിലേക്കുള്ള ഗതാഗതം നിര്‍ത്തിവെച്ചതായും അധികൃതര്‍ അറിയിച്ചു. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ നഷ്‌രിക്കും ബനിഹാലിനും ഇടയിലുള്ള സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.

കനത്ത മഴയും മേഘവിസ്‌ഫോടനവും ശക്തമായ കാറ്റും മണ്ണിടിച്ചിലും, ആലിപ്പഴ വീഴ്ചയുമടക്കം വന്‍ നാശനഷ്ടങ്ങളുണ്ടായതായും നിലവിലും രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ദുരന്തബാധിതരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ദുരന്തബാധിതര്‍ക്ക് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ പിന്നീട് നിശ്ചയിക്കുമെന്നും ജീവന്‍ രക്ഷിക്കുകയെന്നതിനാണ് പ്രാഥമിക മുന്‍ഗണനയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നിലവില്‍ ജമ്മു കശ്മീരില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ അഞ്ച് പേര്‍ മരിച്ചതായാണ് പറയുന്നത്. ശനിയാഴ്ച വൈകുന്നേരം രണ്ട് പേരും ഞായറാഴ്ച രാവിലെയോടെ മൂന്ന് പേരുമാണ് മരണപ്പെട്ടത്.

ആഗ്ന ഗ്രാമത്തിലുള്ള രണ്ട് സഹോദരന്മാരും മറ്റൊരാളുമാണ് ഇന്ന് (ഞായറാഴ്ച) മരണപ്പെട്ടത്. ഇന്നലെ (ശനിയാഴ്ച) റിയാസി ജില്ലയിലെ അര്‍നാസ് പ്രദേശത്ത് ഇടി മിന്നലേറ്റ് രണ്ട് പേര്‍ മരിക്കുകയായിരുന്നു.

അതേസമയം കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 40ഓളം വീടുകള്‍ക്കടക്കം നാശനഷ്ടം സംഭവിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പത്ത് വീടുകള്‍ പൂര്‍ണമായി തകര്‍ന്നതായും ബാക്കിയുള്ളവ ഭാഗികമായി തകര്‍ന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഗതാഗത സംവിധാനം കാലാവസ്ഥ മെച്ചപ്പെട്ടാല്‍ പുനരാരംഭിക്കുമെന്നും അതുവരെ റോഡുകളിലൂടെ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും യാത്രക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlight: Jammu and Kashmir flood death toll rises to five; rescue operations continue, traffic suspended