ന്യൂദല്‍ഹി: കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാകുന്നതിനിടെ വിവാദമായി കേന്ദ്രമന്ത്രി വി.കെ സിംഗിന്റെ ട്വീറ്റ്. തന്റെ സഹോദരന് ഒരു കിടക്ക ആവശ്യമാണ് സഹായിക്കണം. ഇപ്പോള്‍ ഗാസിയാബാദില്‍ കിടക്കകള്‍ ലഭ്യമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ഗാസിയാബാദ് കളക്ടറെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു ഈ ട്വീറ്റ്. ഇതിന് പിന്നാലെ വി.കെ സിംഗിന്റെ ട്വീറ്റ് വൈറലാവുകയായിരുന്നു. സ്വന്തം സഹോദരന് വേണ്ടിയാണ് അദ്ദേഹം ട്വീറ്റ് ചെയ്തതെന്നും കേന്ദ്രമന്ത്രിയിടെ സഹോദരന് പോലും ചികിത്സ നല്‍കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ട്വിറ്ററില്‍ വിമര്‍ശനം ഉയര്‍ന്നു.
വി.കെ സിംഗിന്റെ ട്വീറ്റ് വ്യാപകമായി റീ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും വിശദീകരണവുമായി വി.കെ സിംഗ് രംഗത്ത് എത്തുകയും ചെയ്തിരുന്നു.
തന്റെ ട്വീറ്റ് തന്റെ രക്തബന്ധമുള്ള ബന്ധുക്കള്‍ക്ക് വേണ്ടിയുള്ളതല്ലെന്നും കൊവിഡ് ബാധിച്ച തന്റെ നാട്ടിലെ ഒരാളുടെ അവസ്ഥ ജില്ലാ ഭരണകൂടത്തെ അറിയിക്കുകയായിരുന്നെന്നും പ്രശ്‌നം തദ്ദേശ ഭരണകൂടവും മുഖ്യമന്ത്രിയുടെ ഓഫിസും ഇടപെട്ട് പരിഹരിച്ചെന്നും വി.കെ സിംഗ് പറഞ്ഞു.
അതേസമയം രാജ്യത്തെ കൊവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുകയാണ്. ഒടുവിലെ കണക്ക് പ്രകാരം 2,61,500 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.
രണ്ടാഴ്ചക്കിടെ 12 ലക്ഷം പേരാണ് രോഗബാധിതരായത്. കഴിഞ്ഞ ദിവസത്തേക്കാള്‍ ഒറ്റയടിക്ക് 26,808 രോഗികളാണ് രാജ്യത്ത് വര്‍ധിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1.47 കോടിയായി.
കഴിഞ്ഞ ദിവസവും മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 67,123 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ പുതുതായി രോഗം ബാധിച്ചത്. 27,334 കേസുകളുമായി ഉത്തര്‍പ്രദേശാണ് രണ്ടാം സ്ഥാനത്ത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,501 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ ആകെ മരണം 1,77,150 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്. 419 പേര്‍ മഹാരാഷ്ട്രയിലും ദല്‍ഹിയില്‍ 167 പേരും മരിച്ചു.
1,28,09,643 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡില്‍ നിന്ന് രോഗമുക്തി ഉണ്ടായത്. നിലവില്‍ 18,01,316 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക