ഇന്ത്യന്‍ മാധ്യമസ്വാതന്ത്ര്യം മറ്റ് മൗലീകാവകാശങ്ങള്‍ പോലെ പരിശുദ്ധം; കശ്മീര്‍ മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനെതിരെ അനുരാഗ് താക്കൂര്‍
ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് അന്താരാഷ്ട്ര മാധ്യമമായ ദി ന്യൂയോര്‍ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെതിരെ കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രി അനുരാഗ് താക്കൂര്‍. നിഷ്പക്ഷതയുടെ എല്ലാ മാനങ്ങളും തള്ളിക്കൊണ്ടാണ് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് താക്കൂര്‍ പറഞ്ഞു.
റിപ്പോര്‍ട്ട് സാങ്കല്‍പ്പികമാണെന്നും ഇന്ത്യയിലെ ജനാധിപത്യ സ്ഥാപനങ്ങളെയും മൂല്യങ്ങളെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘ഇന്ത്യയെ കുറിച്ച് എന്തെങ്കിലും പ്രസിദ്ധീകരിക്കുമ്പോള്‍ പാലിക്കേണ്ട എല്ലാ നിഷ്പക്ഷ നയങ്ങളേയും തള്ളിക്കൊണ്ടാണ് എന്‍.വൈ.ടി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്‍.വൈ.ടിയുടെ ഓപീനിയന്‍ പീസ് എന്ന് അവകാശപ്പെട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് സാങ്കല്‍പ്പികവും നികൃഷ്ടവുമാണ്. ഇത് ഇന്ത്യക്കെതിരായ പ്രചരണത്തിന്റെ ഭാഗമാണ്,’ അനുരാഗ് താക്കൂര്‍ ട്വിറ്ററില്‍ കുറിച്ചു.
New York Times had long back dropped all pretensions of neutrality while publishing anything about India. NYT’s so called opinion piece on freedom of press in Kashmir is mischievous & fictitious published w/ a sole motive to spread a propaganda about India…
‘രാജ്യത്തുടനീളം വിവര നിയന്ത്രണത്തിന്റെ കശ്മീര്‍ മോഡല്‍ അവതരിപ്പിക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചാല്‍ അത് മാധ്യമസ്വാതന്ത്ര്യത്തിന് മാത്രമല്ല, ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ അപകടമാകും,’ എന്ന് എന്‍.വൈ.ടി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
എന്‍.വൈ.ടി ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇന്ത്യക്കെതിരെ പ്രചരിപ്പിക്കുന്ന വ്യാജവാര്‍ത്തകള്‍ക്ക് അല്‍പായുസ്സ് മാത്രമേ ഉണ്ടാകൂയെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും പക വളര്‍ത്തുന്ന ചില വിദേശമാധ്യമങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് എതിരായ ആസൂത്രിതമായ നുണപ്രചരണങ്ങള്‍ നടത്തിവരികയാണ്. ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം മറ്റ് മൗലീകാവകാശങ്ങള്‍ പോലെ പരിശുദ്ധമാണെന്നും താക്കൂര്‍ പറഞ്ഞു.
‘ഇന്ത്യയിലെ ജനാധിപത്യവും ജനങ്ങളും പക്വതയുള്ളവരാണ്. ഇന്ത്യന്‍ മണ്ണില്‍ ഇത്തരം വ്യാജ പ്രചരണങ്ങള്‍ വിലപ്പോകില്ല,’ താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇന്ത്യയെ കുറ്റപ്പെടുത്തുന്ന മാധ്യമങ്ങള്‍ക്ക് ഇന്ത്യയുടെ നേട്ടത്തെ കുറിച്ച് പറയാന്‍ ധൈര്യമില്ലെന്നാണ് ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ബി.ജെ.പി ഐ.ടി വകുപ്പ് മേധാവി അമിത് മാളവ്യ പറഞ്ഞത്.
1954ല്‍ ആരംഭിച്ചതുമുതല്‍ തങ്ങളുടെ പത്രം നിരവധി യുദ്ധങ്ങളും സൈനിക അക്രമങ്ങളും താണ്ടിയതാണെന്നും എന്നാല്‍ മോദിയില്‍ നിന്ന് രക്ഷപ്പെടുക അസാധ്യമായിരിക്കുമെന്നും റിപ്പോര്‍ട്ട് എഴുതിയ മാധ്യമപ്രവര്‍ത്തകയും ദി കശ്മീര്‍ ടൈംസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ അനുരാധ ഭാസിന്‍ പറയുന്നുണ്ട്.
മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം പൊലീസുകാരാല്‍ ചോദ്യം ചെയ്യപ്പെടുകയാണെന്നും തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും മുദ്രകുത്തപ്പെടുകയാണെന്നും റിപ്പോര്‍ട്ടില്‍ അനുരാധ പരാമര്‍ശിക്കുന്നുണ്ട്.
Foreign media, with their jaundiced view of India, no longer either have the credibility or the heft to comment on India’s internal matters or for that matter its achievements… India’s I&B Minister takes New York Times to the cleaners for its motivated reporting on Kashmir. https://t.co/gLRuh4bvGk