Sports News
മാറിയെന്നും മെച്ചപ്പെട്ടെന്നും തോന്നിക്കും, അടുത്ത മത്സരത്തില്‍ അതങ്ങ് മാറ്റിത്തരും; വന്‍ തോല്‍വി, പരമ്പര തോറ്റ് പാകിസ്ഥാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
3 days ago
Sunday, 23rd March 2025, 5:21 pm

പാകിസ്ഥാന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ നാലാം മത്സരത്തില്‍ സന്ദര്‍ശകര്‍ക്ക് പരാജയം. ബേ ഓവലില്‍ നടന്ന മത്സരത്തില്‍ 115 റണ്‍സിന്റെ തോല്‍വിയാണ് പാകിസ്ഥാന്‍ നേരിട്ടത്. ഇതോടെ പരമ്പരയും പാകിസ്ഥാന്‍ നഷ്ടപ്പെടുത്തി.

ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 221 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ 105 റണ്‍സിന് പുറത്തായി. പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 205 റണ്‍സിന്റെ വിജയലക്ഷ്യം 24 പന്തും ഒമ്പത് വിക്കറ്റും ശേഷിക്കെ മറികടന്നതിന് തൊട്ടുപിന്നാലെയാണ് മോശം തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത് എന്നതാണ് പാക് ആരാധകരെ നിരാശരാക്കുന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ ഫിന്‍ അലന്‍, ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ്വെല്‍, ഓപ്പണര്‍ ടിം സീഫെര്‍ട്ട് എന്നിവരുടെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.

ഫിന്‍ അലന്‍ വെറും 20 പന്ത് നേരിട്ട് 50 റണ്‍സ് നേടി പുറത്തായി. ആറ് ഫോറും മൂന്ന് സിക്‌സറും അടക്കം 250.00 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

ക്യാപ്റ്റന്‍ 26 പന്തില്‍ പുറത്താകാതെ 46 റണ്‍സ് നേടി. 22 പന്തില്‍ 44 റണ്‍സുമായാണ് സീഫെര്‍ട്ട് തിളങ്ങിയത്.

മാര്‍ക് ചാപ്മാന്‍ (16 പന്തില്‍ 24), ഡാരില്‍ മിച്ചല്‍ (23 പന്തില്‍ 29) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് 220ലെത്തി.

പാകിസ്ഥാനായി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ആബ്രാര്‍ അഹമ്മദ് രണ്ടും അബ്ബാസ് അഫ്രിദി ഒരു വിക്കറ്റും നേടി.

പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ വിജയം മാത്രം ലക്ഷ്യമിട്ട് ബാറ്റ് വീശിയ പാകിസ്ഥാന് തൊട്ടതെല്ലാം പിഴച്ചു. രണ്ട് താരങ്ങള്‍ മാത്രമാണ് പാക് നിരയില്‍ ഇരട്ടയക്കം കണ്ടത്.

30 പന്തില്‍ 44 റണ്‍സ് നേടിയ അബ്ദുള്‍ സമദാണ് പാകിസ്ഥാന്‍ നിരയിലെ ടോപ് സ്‌കോറര്‍. 16 പന്തില്‍ 24 റണ്‍സടിച്ച ഇര്‍ഫാന്‍ ഖാന്‍ നിയാസിയും പാകിസ്ഥാനെ നാണക്കേടില്‍ നിന്നും കരകയറ്റി. 12 റണ്‍സ് എക്‌സ്ട്രാസ് വഴി ലഭിച്ചതോടെയാണ് പാകിസ്ഥാന്‍ നൂറ് കടന്നത്.

കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാന്റെ ചരിത്രം തിരുത്തിക്കുറിച്ച സെഞ്ച്വറിയടിച്ച ഹസന്‍ നവാസ് അടക്കം നാല് താരങ്ങള്‍ ഒരു റണ്ണിന് മടങ്ങിയപ്പോള്‍ മൂന്ന് പേര്‍ ആറ് റണ്ണിനും പുറത്തായി.

ഒടുവില്‍ 16.2 ഓവറില്‍ 105 റണ്‍സിന് പാകിസ്ഥാന്‍ പുറത്തായി.

കിവികള്‍ക്കായി ജേകബ് ഡഫി നാല് വിക്കറ്റുമായി തിളങ്ങി. സാക്രി ഫോള്‍ക്‌സ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഇഷ് സോധി, ജെയിംസ് നീഷം, വില്‍ ഒ റൂര്‍ക് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 3-1ന് കിവികള്‍ പരമ്പര നേടി.

മാര്‍ച്ച് 26നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. വെല്ലിങ്ടണാണ് വേദി.

 

Content Highlight: Pakistan’s tour of New Zealand: Pakistan lost 4th T20