Kerala News
കൊടും വിഷമാണെന്ന് മുഖ്യമന്ത്രി, ബി.ജെ.പി ഐഡിയോളജിയുള്ള ആളാണെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്; ചര്‍ച്ചയായി രാജീവ് ചന്ദ്രശേഖറിനെ കുറിച്ചുള്ള നിലപാടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Sunday, 23rd March 2025, 5:23 pm

കോഴിക്കോട്: ബി.ജെ.പിയുടെ പുതിയ അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പറഞ്ഞ നിലപാടുകള്‍ ചര്‍ച്ചയാവുന്നു. മാധ്യമങ്ങളും സോഷ്യല് മീഡിയയിലൂടെ സി.പി.ഐ.എം അനുഭാവികളുമാണ് ഇക്കാര്യം ചര്‍ച്ചയാക്കുന്നത്.

രാജീവ് ചന്ദ്രശേഖര്‍ കൊടും വിഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നതും ഇയാള്‍ ബി.ജെ.പി ഐഡിയോളജിയുള്ള ആളാണെന്ന് താന്‍ കരുതുന്നില്ലെന്നും പറയുന്ന രണ്ട് നിലപാടുകളടങ്ങുന്ന വീഡിയോകളാണ് പ്രചരിക്കുന്നത്.

വിഷമല്ല, കൊടും വിഷമാണ്. അതൊരു ആക്ഷേപമല്ല, അലങ്കാരമായിട്ടാണ് അദ്ദേഹം അതിനെ കാണുന്നത്. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയെന്നാണ് അദ്ദേഹം കരുതുന്നത്. അന്ന് താന്‍ പറഞ്ഞത് വിഷമെന്നാണ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം കൊടുംവിഷമാണ്, മുഖ്യമന്ത്രിയുടെ പ്രതികരണം. കളമശ്ശേരി സ്‌ഫോടനമുണ്ടായ സമയത്ത് കേരളത്തിനതിരായ രാജീവ് ചന്ദ്രശേഖറിന്റെ ആരോപണങ്ങള്‍ക്കെതിനെതിരെയായിരുന്നു മുഖ്യമന്ത്രി അന്ന് പ്രതികരിച്ചത്.

രാജീവ് ചന്ദ്രശേഖറിനെ ബി.ജെ.പി അധ്യക്ഷനായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് വി.ഡി സതീശന്‍ ഇത്തരത്തിലുള്ള പ്രതികരണം നടത്തിയത്. രാജീവ് ബി.ജെ.പി ഐഡിയോളജിയുള്ള ആളാണെന്ന് കരുതുന്നില്ല, വി.ഡി. സതീശന്‍ പ്രതികരണത്തില്‍ പറയുന്നു.

വ്യക്തികളോടല്ല, ഐഡിയോളജിയോടാണ് നമ്മള്‍ മത്സരിക്കുന്നത്. ബി.ജെ.പി തങ്ങള്‍ക്ക് ഇഷ്ടമുള്ളയാളെ അധ്യക്ഷനാക്കട്ടെയെന്നും വി.ഡി സതീശന്‍ പ്രതികരിക്കുകയുണ്ടായി.

അതേസമയം മുഖ്യമന്ത്രിയുടെയും വി.ഡി സതീശന്റെയും വ്യത്യസ്ത നിലപാടുകളെ ചൂണ്ടിക്കാട്ടി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്നത്. ബിനീഷ് കോടിയേരി അടക്കമുള്ള വ്യക്തികളാണ് നിലപാടുകള്‍ പ്രചരിപ്പിക്കുന്നത്.

ഇന്നാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരിനെ നാമനിര്‍ദേശം ചെയ്തത്. രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.അധ്യക്ഷ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ. സുരേന്ദ്രന് പകരമാണ് രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷന്‍ പദവിയിലെത്തുന്നത്. നാളത്തെ സംസ്ഥാന കൗണ്‍സിലില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനായി ബി.ജെ.പി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. പുതുമുഖത്തെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരിക എന്ന ദേശീയ നേതൃത്വത്തിന്റെ തീരുമാനമാണ് രാജീവിന് അനുകൂലമായത്.

Content Highlight: Opposition leader says CM is a very poisonous person and does not think he has BJP ideology; stance on Rajiv Chandrasekhar is a matter of discussion