ന്യൂദല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യ നിയന്ത്രണ നിയമവും കൊണ്ടുവരണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. കഴിഞ്ഞ ദിവസം പൂനെയില്‍ നടന്ന റാലിയിലാണ് അദ്ദേഹം ആവശ്യമുന്നയിച്ചത്.
‘രാജ്യത്ത് കഴിയാവുന്നത്ര വേഗത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന് പ്രധാമന്ത്രിയോട് ഞാന്‍ ആവശ്യപ്പെടുന്നു. ജനസംഖ്യ നിയന്ത്രണ നിയമം കൊണ്ടുവരാനും ഒപ്പം ഔറംഗബാദിന്റെ പേര് സാംമ്പാജിനഗര്‍ എന്നാക്കി മാറ്റാനും പ്രധാനമന്ത്രി വേണ്ട നടപടികള്‍ സ്വീകരിക്കണം,’ രാജ് താക്കറെ പറഞ്ഞു.
‘ഛത്രപതി ശിവാജി മഹാരാജാവിനെ കൊല്ലാന്‍ വേണ്ടി ഇവിടെയെത്തിയ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരത്തില്‍ ചെന്ന് എ.ഐ.എം.ഐ.എം പ്രതിനിധികള്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചതിന് ശേഷം മഹാരാഷ്ട്ര തിളച്ചുമറിയുമെന്നാണ് കരുതിയത്,’ രാജ് താക്കറെ കൂട്ടിച്ചേര്‍ത്തു.
അതേസമയം താക്കറെ നടത്താനിരുന്ന അയോധ്യ സന്ദര്‍ശനം നീട്ടിവെച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് യാത്ര മാറ്റിവെച്ചതെന്നും തന്റെ സന്ദര്‍ശനം ഇഷ്ടപ്പെടാത്തവര്‍ തനിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ അഴിച്ചുവിടുന്നുണ്ടെന്നും പ്രതികരിക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പള്ളികളിലെ ലൗഡ് സ്പീക്കറുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളാണ് തനിക്കെതിരെ വിവാദങ്ങള്‍ ഉയരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
‘യു.പിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കിടയില്‍ സന്ദര്‍ശനം നടത്തിയാല്‍ ആരെങ്കിലും എന്നെ ഉപദ്രവിക്കുമെന്ന കാര്യം ഉറപ്പാണ്. സ്വാഭാവികമായും അതിന് പിന്നാലെ പ്രവര്‍ത്തകര്‍ക്കെതിരെ പല കേസുകളും വരും. ഇതിനാലാണ് നിലവില്‍ യാത്ര താത്ക്കാലികമായി മാറ്റിവെക്കാന്‍ തീരുമാനിച്ചത്,’ അദ്ദേഹം പറഞ്ഞു.