World News
വാറണ്ട് ഉണ്ടായിട്ടും നെതന്യാഹുവിനെ അറസ്റ്റ് ചെയ്തില്ല; ഹംഗറിക്കെതിരെ അന്വേഷണം ആരംഭിച്ച് ഐ.സി.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 19, 07:53 am
Saturday, 19th April 2025, 1:23 pm

ഹേഗ്: അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സിസി)യുടെ അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നിട്ടും ബുഡാപാസ്റ്റിലെത്തിയ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാതിരുന്ന ഹംഗറിക്കെതിരെ അന്വേഷണം ആരംഭിച്ച് ഐ.സി.സി.

എന്തുകൊണ്ട് നെതന്യാഹുവിനെ അറസ്റ്റ് ചെയ്തില്ലെന്ന് വിശദീകരിക്കണമെന്ന് ഹംഗറിയോട്
ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. മെയ് 23 വരെ ഹംഗറിക്ക് തങ്ങളുടെ വാദത്തിനുള്ള തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയമുണ്ട്.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന യുദ്ധക്കുറ്റങ്ങളുടെ പേരില്‍ കഴിഞ്ഞ നവംബറിലാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. അതിനാല്‍ തന്നെ ഐ.സി.സിയില്‍ അംഗമായ ഏത് രാജ്യത്ത് പ്രവേശിക്കപ്പെട്ടാലും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാം എന്നാണ് നിയമം. ഈ നിയമം പ്രാബല്യത്തില്‍ നില്‍ക്കവെയാണ് നെതന്യാഹു ഹംഗറിയില്‍ സന്ദര്‍ശനത്തിന് എത്തിയത്.

ഇതിനെത്തുടര്‍ന്നാണ് അന്താരാഷ്ട്ര കോടതി ഹംഗറിക്കെതിരെ നിയമലംഘന നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ നെതന്യാഹുവിന്റെ സന്ദര്‍ശന സമയത്ത് തന്നെ ഐ.സി.സിയില്‍ നിന്ന് പിന്മാറുന്നതായി ഹംഗറി പ്രഖ്യാപിച്ചിരുന്നു. നെതന്യാഹു ഹംഗറിയില്‍ എത്തിയ അതേദിവസം തന്നെ ഐ.സി.സിയില്‍ നിന്ന് പിന്മാറാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുമെന്ന് ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്റെ ചീഫ് ഓഫ് സ്റ്റാഫ് ഗെര്‍ഗെലി ഗുല്യാസ് അറിയിച്ചിരുന്നു.

ഐ.സി.സിയുടെ അസ്റ്റ് വാറണ്ട് പുറത്തുവന്ന് ഒരു ദിവസം പിന്നിടുന്നതിന് മുമ്പെ തന്നെ ഹംഗറിയിലെ തീവ്ര വലതുപക്ഷ പ്രധാനമന്ത്രിയായ ഓര്‍ബന്‍ നെതന്യാഹുവിനെ രാജ്യത്തേക്ക് ക്ഷണിച്ചിരുന്നു. ഇസ്രഈലിന്റെ പ്രധാനസഖ്യ കക്ഷിയായ ഹംഗറി യൂറോപ്യന്‍ യൂണിയനിലും അംഗമാണ്. ഇ.യു ഇസ്രഈലിന് വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ പലപ്പോഴും നെതന്യാഹു സര്‍ക്കാരിനെ പിന്തുണച്ചിരുന്ന രാജ്യമാണ് ഹംഗറി.

ഫെബ്രുവരിയില്‍ ഐ.സി.സി പ്രോസിക്യൂട്ടര്‍ കരീം ഖാനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപരോധം ഏര്‍പ്പെടുത്തിയപ്പോല്‍ തന്നെ ഐ.സി.സിയില്‍ നിന്ന് പുറത്തുപോകാനുള്ള സാധ്യത ഹംഗറി അറിയിച്ചിരുന്നു.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ സ്ഥാപക അംഗങ്ങളില്‍പ്പെട്ട രാജ്യങ്ങളിലൊന്നാണ് ഹംഗറി. ഐ.സി.സിയുടെ സ്ഥാപക അംഗമെന്ന നിലയില്‍, കോടതിയുടെ വാറണ്ടിന് വിധേയമായി ആരെയും അറസ്റ്റ് ചെയ്ത് കൈമാറാന്‍ ഹംഗറി ബാധ്യസ്ഥരാണ്. എന്നാല്‍ നെതന്യാഹുവിനെതിരായ വാറണ്ട് ധിക്കാരവും അസ്വീകാര്യവുമാണെന്നും ഹംഗറി അത് പാലിക്കില്ലെന്നും ഓര്‍ബന്‍ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

1999ലാണ് ഹംഗറി ഐ.സി.സിയുടെ സ്ഥാപക രേഖയില്‍ ഒപ്പുവെച്ചത്. 2001ല്‍ അത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഐ.സി.സിയുടെ നിയമം ഒരിക്കലും ഹംഗേറിയന്‍ നിയമത്തിന്റെ ഭാഗമാക്കിയിട്ടില്ലെന്നും അതിനാല്‍ കോടതിയുടെ ഒരു നടപടിയും ഹംഗറിക്കുള്ളില്‍ നടപ്പിലാക്കാന്‍ കഴിയില്ല എന്നും ഹംഗേറിയന്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നു.

Content Highlight: Netanyahu not arrested despite warrant; ICC opens investigation against Hungary