Entertainment
നാല് വര്‍ഷം കൊണ്ട് ആ നടി ചെയ്ത സിനിമകള്‍ മലയാളികള്‍ ഒരിക്കലും മറക്കില്ല: ആനന്ദ് മന്മഥന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 19, 07:43 am
Saturday, 19th April 2025, 1:13 pm

ഈ വര്‍ഷം തിയേറ്ററിലെത്തിയ മികച്ച ചിത്രങ്ങളിലൊന്നാണ് പൊന്മാന്‍. കലാസംവിധായകന്‍ എന്ന നിലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജ്യോതിഷ് ശങ്കര്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രമാണ് പൊന്മാന്‍. ജി.ആര്‍. ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാര്‍ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. ബേസില്‍ ജോസഫ് നായകനായ അജേഷായി എത്തിയപ്പോള്‍ ബ്രൂണോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ആനന്ദ് മന്മഥന്‍ ആയിരുന്നു.

ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന വെബ് സീരീസിലെ കോട്രാക്ടര്‍ ജിജിയും പൊന്മാനിലെ ബ്രൂണോയും ആനന്ദിലെ നടനെ അടയാളപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ പൊന്മാന്‍ കണ്ട് മഞ്ജു വാര്യര്‍ തനിക്ക് മെസേജ് അയച്ചതിനെ കുറിച്ചും മഞ്ജു എന്ന നടിയെ കുറിച്ചും സംസാരിക്കുകയാണ് ആനന്ദ് മന്മഥന്‍.

പൊന്മാന്‍ സിനിമ കണ്ട് മഞ്ജു വാര്യര്‍ സ്റ്റോറി ഇടുകയുണ്ടായെന്നും താന്‍ തിരിച്ച് നന്ദി പറഞ്ഞപ്പോള്‍ അവര്‍ എനിക്ക് മെസേജ് അയച്ചിരുന്നുവെന്നും ആനന്ദ് പറയുന്നു. മഞ്ജു വാര്യര്‍ എന്ന നടി തന്റെ തിരിച്ചു വരവിന് മുമ്പ് കരിയറില്‍ വെറും നാല് വര്‍ഷത്തിലാണ് ഒട്ടനവധി സിനിമളുടെ ഭാഗമായിരുന്നതെന്നും യഥാര്‍തത്തില്‍ ഒരു അഭിനേതാവിനെ സംബദ്ധിച്ച് ഒരു നാല് വര്‍ഷം എന്ന് പറയുന്നത് ഒന്നുമല്ലെന്നും ആനന്ദ് പറയുന്നു.

പത്രം പോലുള്ള ഒട്ടനവധി സിനിമകള്‍ ചെയ്തുവെച്ചിട്ടാണ് അവര്‍ പോയിരുന്നതെന്നും അങ്ങനെ ഒരു ആര്‍ട്ടിസ്റ്റ് നമുക്ക് മെസേജ് അയക്കുക എന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു ആനന്ദ് മന്മഥന്‍.

‘ പൊന്മാന്‍ കണ്ടിട്ട് മഞ്ജു ചേച്ചി ഒരു സ്റ്റോറി ഇട്ടിരുന്നു. അപ്പോള്‍ ഞാന്‍ റിപ്ലൈ ചെയ്തിരുന്നു. ചേച്ചി താങ്ക്യൂ എന്നൊക്കെ പറഞ്ഞിട്ട്. അങ്ങനെ അവര്‍ തിരിച്ച് മെസജ് അയച്ചിരുന്നു. ‘ആനന്ദേ അടിപൊളിയായിരുന്നു’ എന്നൊരു വോയ്‌സ് മെസേജ് അയച്ചിരുന്നു. അത് ഭയങ്കര സന്തോഷമായിരുന്നു.

മഞ്ജു വാര്യര്‍ എന്ന നടിയെ പറ്റി പറയുകയാണെങ്കില്‍ അവര്‍ കല്യാണത്തിന് മുമ്പ് നാല് വര്‍ഷമാണ് സിനിമയില്‍ അഭിനയിച്ചിട്ടുള്ളത്. അത് ഈയടുത്ത് ഒരു കൂട്ടുക്കാരന്‍ പറഞ്ഞപ്പോഴാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. 94 മുതല്‍ 99 വരെയുള്ള കാലത്താണ് ഈ പറയുന്ന എല്ലാ സിനിമകളും ചെയ്തുവച്ചിട്ട് അവര്‍ പോയത്. ആറാം തമ്പുരാനും കന്മദവും സമ്മര്‍ ഇന്‍ ബദ്‌ലഹേമും, അത് പോലെ പത്രം പോലുള്ള സിനിമകള്‍ ചെയ്തുവെച്ചിട്ടാണ് അവര്‍ പോയത്.

ഒരു നാല് വര്‍ഷം എന്ന് പറയുന്നത് ഒരു ആക്ടറിന്റെ കരിയറില്‍ ഒന്നും അല്ല. ചിലപ്പോള്‍ ആ സമയത്ത് അത്രയും നല്ല എഴുത്തുക്കാരും, സംവിധായകരുമൊക്കെ ഉണ്ടായതിന്റെ ഗുണം കൂടെ ആയിരിക്കും. പക്ഷേ നാല് വര്‍ഷം ആ ചേച്ചി ചെയ്തു വെച്ച് പോയ സിനിമകള്‍ എന്ന് പറയുന്നത് ഇപ്പോഴും നമുക്ക് മറക്കാന്‍ പറ്റാത്തതാണ്. അപ്പോള്‍ അങ്ങനെയുള്ള ആര്‍ട്ടിസ്റ്റ് നമുക്ക് മെസേജ് അയക്കുക എന്ന് പറയുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്,’ ആനന്ദ് മന്മമഥന്‍ പറയുന്നു.

Content Highlight: Anand Manmadhan talks about Manju Warrier