Advertisement
Crime
ആശ്രിതനിയമനം വഴി ജോലി ലഭിക്കാന്‍ തൊഴില്‍രഹിതനായ മകന്‍ പിതാവിനെ കഴുത്തറുത്ത് കൊന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 22, 11:14 am
Sunday, 22nd November 2020, 4:44 pm

റാഞ്ചി: ജാര്‍ഖണ്ഡില്‍ തൊഴില്‍ രഹിതനായ മകന്‍ ജോലി ലഭിക്കുന്നതിനായി അച്ഛനെ കഴുത്തറുത്ത് കൊന്നതായി റിപ്പോര്‍ട്ട്. ബാര്‍ഖാന ജില്ലയിലാണ് സംഭവം നടന്നത്.

സെന്‍ട്രല്‍ കോള്‍ ഫീല്‍ഡ്സ് ലിമിറ്റഡില്‍ (സി.സി.എല്‍) ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണ റാമിനെയാണ് 35 കാരനായ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

ആശ്രിതനിയമനവിഭാഗത്തില്‍ ജോലി ലഭിക്കുമെന്ന് കമ്പനി നിയമാവലിയില്‍ ഉണ്ടായിരുന്നു. ഇതാണ് പിതാവിനെ കൊലപ്പെടുത്താന്‍ മകനെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു കൃഷ്ണ റാം. ഇദ്ദേഹത്തെ കഴിഞ്ഞദിവസം കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകന്‍ പിടിയിലായത്.

ബാര്‍ഖാന ജില്ലയിലെ ക്വാര്‍ട്ടേഴ്‌സിനടുത്താണ് പിതാവിന്റെ മൃതദേഹം കണ്ടെത്തിയത്. മകന്‍ തന്നെയാണ് കൊലയ്ക്ക് പിന്നില്‍. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇയാള്‍ കൃഷ്ണറാമിനെ ക്രൂരമായി കൊലപ്പെടുത്തിയത്, സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ പ്രകാശ് ചന്ദ്ര മഹ്‌തോ മാധ്യമങ്ങളോട് പറഞ്ഞു.

ജോലി ലഭിക്കാന്‍ വേണ്ടിയാണ് താന്‍ പിതാവിനെ കൊന്നതെന്ന് പ്രതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കൊലപാതകത്തിനായി ഇയാള്‍ ഉപയോഗിച്ച ചെറിയ കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Unemployed  Son kills Father To Get Job