കാരുണ്യ ഉത്തരവിലെ അനിശ്ചിതത്വം; ഭീമമായ ചികിത്സാ ചെലവ് താങ്ങാനാവാതെ രോഗികള്‍
Health
കാരുണ്യ ഉത്തരവിലെ അനിശ്ചിതത്വം; ഭീമമായ ചികിത്സാ ചെലവ് താങ്ങാനാവാതെ രോഗികള്‍
അഭിനന്ദ് ബി.സി
Monday, 15th June 2020, 5:57 pm

സര്‍ക്കാരിന്റെ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി പ്രവര്‍ത്തനം സംബന്ധിച്ച് കൃത്യമായ ഉത്തരവ് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഇതുവരെ വന്നിട്ടില്ല. ഈ ആനുകൂല്യം പറ്റുന്ന മുപ്പതിനായിരത്തോളം രോഗികളെയാണ് ഈ അനിശ്ചിതാവസ്ഥ ബാധിക്കുന്നത്.

കെ.ബി.എഫ് വഴി കിട്ടുന്ന ചികിത്സാ സഹായം ലഭിക്കാത്തത് ഡയാലിസിസ് ചികിത്സയ്ക്കും അര്‍ബുധ, ഹീമോഫീലിയക്കും വിധേയരാവുന്ന രോഗികള്‍ക്കും ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല.

വൃക്ക രോഗിയായ തൃശൂര്‍ സ്വദേശി ബാലന്‍ ടി.കെക്ക് ആഴ്ചയില്‍ നാലു ഡയാലിസിസ് ആണ് ചെയ്യേണ്ടത്. ഒരു ഡയാലിസിസിന് 1800 രൂപ ചെലവു വരുമ്പോള്‍ ഇവര്‍ക്ക് ഒരാഴ്ച വരുന്ന ചെലവ് 7200 രൂപയാണ്. കൊവിഡ് പ്രതിസന്ധിക്കിടയില്‍ സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന ഇതേ പോലുള്ള പല കുടുംബങ്ങള്‍ക്കും വലിയ പ്രതിസന്ധിയാണ് കാരുണ്യ ബെനവലന്റ് ഫണ്ട് നിലച്ചതു മൂലം ഉണ്ടായിരിക്കുന്നത്.

‘ഡയാലിസിസ് ചെയ്യാന്‍ നിലവില്‍ ബുദ്ധിമുട്ടാണ്. ലോക്ഡൗണ്‍ കാരണം മക്കള്‍ക്ക് ജോലിയില്ല. . ബുദ്ധിമുട്ടു കണ്ട് ചിലര്‍ സഹായിക്കുന്നതു കൊണ്ടാണ് രണ്ടു മൂന്ന് ഡയാലിസിസ് നടന്നത്. കാരുണ്യ ഫണ്ട് നിര്‍ത്തിയത് വളരെ ബുദ്ധിമുട്ടായി. ഒരു ഡയാലിസിസിനായി എല്ലാ ചെലവുകളുമുള്‍പ്പെടെ 1800 രൂപയോളം ചെലവ് വരും,’ വൃക്ക രോഗിയായ തൃശൂര്‍ സ്വദേശി സുബ്രമണ്യന്റെ ഭാര്യ പുഷ്പ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

കെ.ബി.എഫ് ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്ന രോഗികള്‍ നിലവില്‍ സ്വകാര്യ, സഹകരണ ആശുപത്രികളെ ആണ് ആശ്രയിക്കുന്നത്. ഓരോ തവണയും 1800 രൂപയോളമാണ് ഇതിനായി രോഗികള്‍ക്ക് ചെലവ് വരുന്നത്. സ്വകാര്യ, സഹകരണ ആശുപത്രികള്‍ക്ക് ഇന്‍ഷുറന്‍സ് ഫണ്ട് അനുവദിച്ചിരുന്ന കാരുണ്യ ലോട്ടറിയുടെ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയതും ചികിത്സാ സഹായം മുടങ്ങുന്നതിന് കാരണമായി.

ജൂണ്‍ ആദ്യവാരമാണ് കാരുണ്യ ബെനെവലന്റ് ഫണ്ട് വഴിയുള്ള നികുതി വകുപ്പ് ഇനി പണം നല്‍കില്ലെന്ന് വ്യക്തമാക്കി നികുതി വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയത്. അടുത്ത വര്‍ഷം മാര്‍ച്ച് വരെ കാരുണ്യ ബെനവലന്റ് ഫണ്ട് വഴി സൗജന്യ ചികിത്സ ലഭിക്കുമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വാഗ്ദാനമെങ്കിലും സൗജന്യ ചികിത്സ പിന്നീട് സര്‍ക്കാര്‍ നിര്‍ത്തലാക്കുകയായിരുന്നു.

പദ്ധതി ഉപയോക്താക്കളെ ആരോഗ്യവകുപ്പിന് കീഴിലാക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഉത്തരവുകള്‍ പുറപ്പെടുവിക്കാത്ത സാഹചര്യത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സാധിക്കില്ലെന്നാണ് ആശുപത്രികള്‍ അറിയിക്കുന്നത്.

മെഡിക്കല്‍ കോളേജുകളില്‍ ഡയാലിസിസിനു തടസ്സമില്ലെങ്കിലും കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ രോഗികള്‍ കുറവാണ്.

ആരോഗ്യ വകുപ്പിന് ( കാസ്പ് ) കീഴില്‍ കിടത്തി ചികിത്സക്കുള്ള ആനുകൂല്യം മാത്രമേ ലഭിക്കുകയുള്ളൂ. കെ.ബി.എഫിന് കീഴില്‍ മരുന്നുകള്‍ വാങ്ങാനും ഔട്ട് പേഷ്യന്റ് ആയി ചികിത്സ തേടാനുമുള്ള സൗകര്യമാണ് കെ.ബി.എഫ് നിര്‍ത്തലാക്കിയതോടെ രോഗികള്‍ക്ക് നഷ്ടപ്പെട്ടത്.

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

33512 രോഗികള്‍ കെ.ബി.എഫ് ആനുകൂല്യം കൈപറ്റുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കാരുണ്യ ബെനവലന്റ് ഫണ്ട് വഴി ഒരു കുടുംബത്തിന് രണ്ട് ലക്ഷം രൂപയാണ് ചികിത്സ ധനസഹായം ലഭിക്കുന്നത്. വൃക്ക മാറ്റി വെക്കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപയും ലഭിക്കും. ഒപ്പം ഹീമോഫീലിയ രോഗികള്‍ക്കുള്ള ധനസഹായവും ലഭിക്കും.

കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയ കെ.ബി.എഫ് സേവനദാതാക്കളായ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിനെ സ്ഥാനത്തു നിന്നും മാറ്റി സര്‍ക്കാര്‍ നേരിട്ട് പ്രവര്‍ത്തനം നടത്താനാണുദ്ദേശിക്കുന്നത്. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എന്ന പേരില്‍ സ്വതന്ത്രസംവിധാനം രൂപീകരിച്ച് ചികിത്സ ചെലവ് നേരിട്ട് ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് നല്‍കാനാണ് ഉദ്ദേശിക്കുന്നത്.

കെ.ബി.എഫ് കാസ്പില്‍ നേരിട്ട് ലയിപ്പിക്കുകയോ പ്രത്യേകമായി നിലനിര്‍ത്തുകയോ ചെയ്യും. ഇതില്‍ അന്തിമ തീരുമാനമായിട്ടില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ സമര്‍പ്പിക്കുന്ന ചികിത്സാ ബില്ലുകള്‍ ഈ ഹെല്‍ത്ത് ഏജന്‍സി അംഗീകരിച്ചു നല്‍കും. സ്വകാര്യ ആശുപത്രികളുടെ ബില്ലുകള്‍ പരിശോധിക്കാന്‍ താല്‍ക്കാലികമായി പുറത്തു നിന്നുള്ള ഏജന്‍സിയെ താല്‍ക്കാലികമായി നിയോഗിക്കാനുമാണ് നീക്കം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

 

അഭിനന്ദ് ബി.സി
ഡൂള്‍ന്യൂസ് സബ്എഡിറ്റര്‍ ട്രെയ്‌നി, വടകര എസ്.എന്‍ കോളേജില്‍ നിന്ന് ബിരുദം. കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ നിന്ന് ജേര്‍ണലിസത്തില്‍ നിന്ന് പി.ജി ഡിപ്ലോമ.