Kerala News
പള്‍സര്‍ സുനി വീണ്ടും ആക്രമിക്കുമോയെന്ന സംശയം; നടിക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കണം: ഉമ തോമസ് എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 17, 08:05 am
Tuesday, 17th September 2024, 1:35 pm

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ജാമ്യത്തില്‍ ഇറങ്ങിയാല്‍ സംരക്ഷിക്കേണ്ടത് നടിയേയാകണമെന്ന് ഉമ തോമസ് എം.എല്‍.എ. സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യാന്‍ താന്‍ തയ്യാറല്ലെന്നും പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത വിധിയാണ് വന്നതെന്നും എം.എല്‍.എ. പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ഉമ തോമസ്.

‘സുപ്രീംകോടതി വിധിയെ ചോദ്യം ചെയ്യാന്‍ ഞാന്‍ തയ്യാറല്ല. പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് ഇത്. എന്റെ അഭിപ്രായത്തില്‍ പ്രോസിക്യൂഷന്‍ സ്‌ട്രോങ്ങായിട്ട് ഇതില്‍ ഇടപെടാത്തത് കൊണ്ടുതന്നെയാകും ഇത്തരമൊരു വിധിയുണ്ടായത്.

ഇപ്പോള്‍ പള്‍സര്‍ സുനി ജാമ്യത്തില്‍ ഇറങ്ങി കഴിഞ്ഞാല്‍ നമ്മള്‍ സംരക്ഷിക്കേണ്ടത് നടിയേയാകണം. ക്രിമിനല്‍ സ്വഭാവമുള്ള ഈ പ്രതി ഇനിയൊരിക്കല്‍ കൂടെ ആ നടിയെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുമോയെന്ന് ഞാന്‍ സംശയിക്കുന്നുണ്ട്. അതുകൊണ്ട് ആ കുട്ടിക്ക് ഏറ്റവും നല്ല പൊലീസ് സുരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്,’ ഉമ തോമസ് പറഞ്ഞു.

ഏഴര വര്‍ഷമായി താന്‍ ജയിലിലാണെന്ന പള്‍സര്‍ സുനിയുടെ വാദം അംഗീകരിച്ചാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

അനന്തമായി വിചാരണ നീണ്ടുപോവുന്നതിനാലാണ് പ്രതിക്ക് സുപ്രീം കോടതി ജാമ്യം നല്‍കിയത്. വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ആരോഗ്യപ്രശ്നമുണ്ടെന്നും അയാളുടെ അമ്മ ആരോഗ്യപ്രശ്നം നേരിടുന്നുണ്ടെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ വാദം.

മുമ്പ് നിരവധി തവണ ജാമ്യത്തിനുവേണ്ടി കോടതിയെ സമീപിച്ച പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കിയിരുന്നില്ല. ഇയാള്‍ക്ക് ജാമ്യം ലഭിക്കുന്നത് കേസിനെ സ്വാധീനിക്കുമെന്നും അതിജീവിതയ്ക്ക് ഭീഷണി നിലനില്‍ക്കുമെന്നും ഉള്‍പ്പെടെയുള്ള നിരവധി കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതിക്ക് ജാമ്യം നല്‍കുന്നതിനെതിരെ വാദിച്ചത്.

Content Highlight: Uma Thomas MLA Says If Pulsar Suni Gets Bail, Police Should Ensure Security For The Actress