World News
അഞ്ച് ബന്ദികളെ വിട്ടയക്കാം; വെടിനിര്‍ത്തല്‍ കരാറിന് തയ്യാറെന്ന് ഹമാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 30, 01:23 am
Sunday, 30th March 2025, 6:53 am

ഗസ: ഇസ്രഈലുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടാന്‍ ഹമാസ് സമ്മതം അറിയിച്ചതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി അഞ്ച് ബന്ദികളെ വിട്ടയക്കാമെന്ന് ഹമാസ് അറിയിച്ചതായാണ് സൂചന. ഈജിപ്തില്‍ നിന്നും ഖത്തറില്‍ നിന്നും രണ്ട് ദിവസം മുമ്പ് ലഭിച്ച നിര്‍ദ്ദേശത്തെത്തുടര്‍ന്ന്, ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച് അഞ്ച് ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെന്ന് ഹമാസ് മേധാവി ഖലീല്‍ അല്‍ ഹയ്യ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

‘രണ്ട് ദിവസം മുമ്പ്, ഈജിപ്തിലെയും ഖത്തറിലെയും മധ്യസ്ഥരില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു നിര്‍ദ്ദേശം ലഭിച്ചു. ഞങ്ങള്‍ അതിനെ പോസിറ്റീവായി കാണുകയും അംഗീകരിക്കുകയും ചെയ്തു,’ ഖലീല്‍ അല്‍-ഹയ്യ പറഞ്ഞു. അതേസമയം ഹമാസിന്റെ നിര്‍ദേശത്തെ ഇസ്രഈല്‍ നിരസിച്ചതായാണ് വിവരം. അമേരിക്കയുമായി കൂടിയാലോചന നടത്തിയശേഷം ഇസ്രഈല്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

ജനുവരിയില്‍ ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇസ്രഈല്‍ ഗസയിലുടനീളം വ്യോമാക്രമണവും കരയാക്രമണവും ശക്തമാക്കിയിരുന്നു.

ഒരു മാസം മുമ്പ് അവസാനിച്ച വെടിനിര്‍ത്തലിന്റെ ആദ്യ ഘട്ടം നീട്ടണമെന്ന് ഇസ്രഈലും യു.എസും നിര്‍ദ്ദേശിച്ചെങ്കിലും ഗസയില്‍ നിന്ന് ഇസ്രഈല്‍ സൈന്യത്തെ പൂര്‍ണമായി പിന്‍വലിച്ച് യുദ്ധം അവസാനിപ്പിക്കണമെന്നായിരുന്നു ഹമാസ് ആവശ്യപ്പെട്ടത്. എന്നാല്‍ മുഴുവന്‍ ബന്ദികളെയും വിട്ടുനല്‍കണമെന്ന് ഇസ്രഈല്‍ നിലപാട് എടുത്തതോടെ വീണ്ടും യുദ്ധം ആരംഭിക്കുകയായിരുന്നു.

അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ട് നെതന്യാഹുവും അദ്ദേഹത്തിന്റെ സര്‍ക്കാരും ബാക്കിയുള്ള ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്ന് ആരോപിച്ച് ഇസ്രഈലില്‍ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

മാര്‍ച്ച് 18 ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗസയില്‍ ഇസ്രഈല്‍ സൈനിക ആക്രമണം പുനരാരംഭിച്ചതോടെ 921 ലധികം പേരാണ് ഗസയില്‍ കൊല്ലപ്പെട്ടതെന്നാണ് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ 50,082 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 113,408 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: Hamas says ready for ceasefire agreement, could release five hostages