Entertainment
അന്ന് മമ്മൂക്ക വരുമ്പോള്‍ ആന വരുന്നത് പോലെ; ഞങ്ങള്‍ ഒളിഞ്ഞുനിന്ന് നോക്കുമായിരുന്നു: മഞ്ജു പിള്ള
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 30, 12:58 am
Sunday, 30th March 2025, 6:28 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പിള്ള. സിനിമാ-സീരിയല്‍ രംഗത്ത് ഒരുപോലെ സജീവമാണ് നടി. 1991ല്‍ തത്തമ്മേ പൂച്ച പൂച്ച എന്ന ടെലിഫിലിമിലാണ് മഞ്ജു ആദ്യമായി അഭിനയിക്കുന്നത്.

സത്യവും മിഥ്യയും ആയിരുന്നു മഞ്ജുവിന്റെ ആദ്യത്തെ സീരിയല്‍. പിന്നീട് സിനിമകളിലും സീരിയലുകളിലും നടി ഒരുപോലെ സജീവമായി. ഹാസ്യ വേഷങ്ങളായിരുന്നു മഞ്ജു ആദ്യം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് സ്വഭാവവേഷങ്ങളും അവതരിപ്പിച്ചു.

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന മഹാ സീരിയലിലും മഞ്ജു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 2021ല്‍ പുറത്തിറങ്ങിയ ഹോം എന്ന ചിത്രത്തില്‍ മഞ്ജു അഭിനയിച്ച ആനിയമ്മ എന്ന കഥാപാത്രം ഏറെ പ്രേക്ഷക നിരൂപണം ലഭിച്ചിരുന്നു.

1993ല്‍ മമ്മൂട്ടിയും ശോഭനയും ഒന്നിച്ച ഗോളാന്തര വാര്‍ത്ത എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയെ ആദ്യമായി കണ്ടതിനെ കുറിച്ച് പറയുകയാണ് മഞ്ജു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു പിള്ള.

‘ഗോളാന്തര വാര്‍ത്ത എന്ന സിനിമയില്‍ ഞാന്‍ ലേഖയുടെ അതായത് ശോഭനയുടെ അയല്‍ക്കാരി ആയിട്ടാണ് അഭിനയിച്ചത്. മമ്മൂക്കയുടെ കസിന്‍ സിസ്റ്റര്‍ ആയിട്ടാണ് ഞാന്‍ അഭിനയിച്ചത്.

മമ്മൂക്കയെ ഞാന്‍ ആദ്യമായിട്ടായിരുന്നു കാണുന്നത്. അന്നൊന്നും മമ്മൂക്കയെ മര്യാദയ്ക്ക് കണ്ടിട്ടില്ല. മാറിനിന്ന് ആരാധനയോടെ നോക്കി നില്‍ക്കുകയായിരുന്നു ചെയ്തിരുന്നത്.

മമ്മൂക്ക വരുമ്പോള്‍ ഒരു ആന വരുന്നത് പോലെയായിരുന്നു. അദ്ദേഹം വരുമ്പോള്‍ അങ്ങനെ നോക്കി നില്‍ക്കും. നമ്മള്‍ ആന വരുമ്പോള്‍ ഒന്ന് ഒതുങ്ങില്ലേ. പേടിച്ചിട്ടാകും അത്.

പക്ഷെ ആനയുടെ തലയെടുപ്പും ഗെറ്റപ്പും കണ്ട് ഒളിഞ്ഞു നോക്കില്ലേ. ആ അവസ്ഥ തന്നെയായിരുന്നു മമ്മൂക്കയെ കാണുമ്പോഴും ഉണ്ടായിരുന്നത്. മാറി നിന്ന് അങ്ങനെ നോക്കി നില്‍ക്കും,’ മഞ്ജു പിള്ള പറഞ്ഞു.

Content Highlight: Manju Pillai Talks About Mammootty