കീവ്: ഖത്തറില്‍ അടുത്തമാസം ആരംഭിക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ നിന്നും ഇറാനെ വിലക്കണമെന്ന ആവശ്യവുമായി ഉക്രൈന്‍. ഉക്രൈന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് (Ukraine football association) ഇക്കാര്യം ഫിഫയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്‌കൈ സ്‌പോര്‍ട്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഉക്രൈന്‍- റഷ്യ സംഘര്‍ഷ വിഷയത്തില്‍ ഇറാന്‍ റഷ്യയെ ആയുധം നല്‍കി സഹായിക്കുന്നുണ്ടെന്നാണ് ഉക്രൈന്‍ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് ലോകകപ്പില്‍ പങ്കെടുക്കാന്‍ ഇറാനെ അനുവദിക്കരുതെന്ന ആവശ്യം ഉക്രൈന്‍ മുന്നോട്ടുവെക്കുന്നത്.
BREAKING: The executive committee of the Ukraine FA have appealed to FIFA to ban Iran from the World Cup. pic.twitter.com/3npffZRlrG
ഫിഫ ചാര്‍ട്ടറിന്റെ തത്വങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചേക്കാവുന്ന ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ അടിസ്ഥാനമാക്കിയാണ് തങ്ങള്‍ അപ്പീല്‍ നല്‍കുന്നതെന്ന് ഉക്രൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പറഞ്ഞു.
റഷ്യയുടെ സൈനിക ആക്രമണങ്ങളിലുള്ള ഇറാന്റെ പങ്കാളിത്തം, ഇറാന്‍ ഉപരോധം സംബന്ധിച്ച ‘ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2231’ന്റെ ലംഘനം എന്നിവ ഇറാനെ ടൂര്‍ണമെന്റില്‍ നിന്നും വിലക്കാനുള്ള കൃത്യമായ കാരണങ്ങളാണെന്നും ഉക്രൈന്‍ എഫ്.എ കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ റഷ്യക്ക് ആയുധം സപ്ലൈ ചെയ്യുന്നുണ്ടെന്ന് തങ്ങള്‍ വിശ്വസിക്കുന്നുണ്ടെന്നും ഇത് മനുഷ്യാവകാശങ്ങളെ ബഹുമാനിക്കാനും വിവേചനങ്ങള്‍ക്കെതിരെ പോരാടാനും പ്രതിജ്ഞാബദ്ധമായ ഫിഫയുടെ നയങ്ങള്‍ക്കെതിരാണെന്നും ഉക്രൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിങ്കളാഴ്ച നടത്തിയ പ്രതികരണത്തില്‍ പറയുന്നു.
ലോകകപ്പില്‍ നിന്നും ഇറാനെ ഒഴിവാക്കി പകരം ഉക്രൈനെ ഉള്‍പ്പെടുത്തണമെന്ന് ഉക്രേനിയന്‍ ടീമായ ഷാക്തര്‍ ഡൊനെറ്റ്‌സ്‌കിന്റെ (Shakhtar Donetsk) ചീഫ് എക്‌സിക്യൂട്ടീവും പ്രതികരിച്ചിരുന്നു.
കാമികേസ് (kamikaze) എന്ന ഇറാന്‍ നിര്‍മിത ചാവേര്‍ ഡ്രോണുകളും മിസൈലുകളും ഉക്രൈന് നേരെ ആക്രമണം നടത്തുന്നുണ്ടെന്ന് നേരത്തെ ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ ഇറാന്‍ നിഷേധിച്ചിരുന്നു.
ഉക്രൈനെ ആക്രമിക്കാന്‍ റഷ്യ ഇറാന്‍ നിര്‍മിത ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാരോപിച്ച് മൂന്ന് ഇറാനിയന്‍ സൈനിക ജനറല്‍മാര്‍ക്ക് മേല്‍ ബ്രിട്ടീഷ് സര്‍ക്കാരും യൂറോപ്യന്‍ യൂണിയനും ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം നവംബറില്‍ ആരംഭിക്കാനിരിക്കുന്നത് ഇറാന്‍ ഭാഗമാകുന്ന ഏഴാമത് ഫുട്‌ബോള്‍ ലോകകപ്പാണ്. നവംബര്‍ 21ന് ഇംഗ്ലണ്ടിനെതിരെയാണ് ഇറാന്റെ ആദ്യ മത്സരം.
Content Highlight: Ukraine Football Association appeals to Fifa to ban Iran from Qatar World Cup