ബി.ജെ.പി ട്വിറ്റര്‍ രാഷ്ട്രീയം കളിക്കുകയാണ്; മദ്രാസ് ഹൈക്കോടതിയില്‍ ഉദയനിധിയുടെ അഭിഭാഷകന്‍
national news
ബി.ജെ.പി ട്വിറ്റര്‍ രാഷ്ട്രീയം കളിക്കുകയാണ്; മദ്രാസ് ഹൈക്കോടതിയില്‍ ഉദയനിധിയുടെ അഭിഭാഷകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st November 2023, 11:43 am

ചെന്നൈ: ബി.ജെ.പി ട്വിറ്റര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ഉദയനിധി സ്റ്റാലിന്റെ അഭിഭാഷകന്‍ വി. വില്‍സണ്‍.

തമിഴ്‌നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതനധര്‍മ്മ വിവാദത്തില്‍, ഹിന്ദുമുന്നണി സംഘടന നല്‍കിയ കേസിലാണ് ബി.ജെ.പി ട്വിറ്റര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് വി.വില്‍സണ്‍ മദ്രാസ് ഹൈക്കോടതിയില്‍ പറഞ്ഞത്.

ഉദയനിധിക്കെതിരെ വലതുപക്ഷ ഹിന്ദു മുന്നണിയുടെ ഭാരവാഹിയായ ടി. മനോഹര്‍ സമര്‍പ്പിച്ച തടസഹര്‍ജി ജസ്റ്റിസ് അനിത സുമന്ദിന് മുമ്പാകെ വാദം കേള്‍ക്കാന്‍ എത്തിയപ്പോഴാണ് അഭിഭാഷകന്റെ പരാമര്‍ശം.

ഉദയനിധിയുടെ സനാതന ധര്‍മ്മത്തെ കുറിച്ചുള്ള പരാമര്‍ശത്തെ ചൊല്ലി സെപ്റ്റംബറില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായി രാഷ്ട്രീയ തര്‍ക്കം ഉടലെടുത്തിരുന്നു. പരാമര്‍ശത്തിന് പിന്നാലെ രാജ്യത്തുടനീളം നിരവധി പോലീസ് കേസുകള്‍ ഉദയനിധിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കോടതി ഉദയനിധിയുടെ പ്രസംഗത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടപ്പോള്‍ ആവശ്യമായ തെളിവുകള്‍ സമര്‍പ്പിക്കേണ്ടത് റിട്ട് ഹര്‍ജി നല്‍കിയ ഹര്‍ജിക്കാരന്റെ കടമയാണെന്നും അതില്‍ പരാജയപ്പെട്ടാല്‍ റിട്ട് പെറ്റീഷന്‍ തള്ളുമെന്നും അദ്ദേഹത്തിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ വാദിച്ചു.

 

ഭരണഘടനാപരമായ അവകാശത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്യാന്‍ കോടതിക്ക് പ്രതിഭാഗത്തെ നിര്‍ബന്ധിക്കാന്‍ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റൊരു മുതിര്‍ന്ന ഡി.എം.കെ നേതാവും എം.പിയുമായ എ.രാജയെ പിന്തുണച്ചതിന്റെ പേരില്‍ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം ആവശ്യപ്പെട്ട് കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി നവംബര്‍ ഏഴിലേക്ക് മാറ്റിയിട്ടുണ്ട്.

Content Highlight: Udhayanidhi Stalin case, advocate statement on B.J.P