സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ഐശ്വര്യ ലക്ഷ്മി. അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള (2017) എന്ന സിനിമയിലൂടെയാണ് ഐശ്വര്യ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
പിന്നീട് നിരവധി മികച്ച സിനിമകളുടെ ഭാഗമായ നടി ഇന്ന് തമിഴ് സിനിമകളിലും സജീവമാണ്. പൊന്നിയിന്‍ സെല്‍വന്‍, ഗാട്ട ഗുസ്തി ഉള്‍പ്പെടെയുള്ള തമിഴ് സിനിമകളില്‍ ഐശ്വര്യ അഭിനയിച്ചിരുന്നു.
ഇപ്പോള്‍ തമിഴ് സിനിമകള്‍ കണ്ട് തന്നെ പ്രശംസിക്കുന്നവരെ കുറിച്ച് പറയുകയാണ് ഐശ്വര്യ ലക്ഷ്മി. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. ഒരിക്കല്‍ പൊള്ളാച്ചിയില്‍ പോയപ്പോള്‍ ഉണ്ടായ അനുഭവവും ഐശ്വര്യ പറയുന്നു.
‘ഒരു സിനിമ കണ്ട ശേഷം നീ നന്നായി ചെയ്തിട്ടുണ്ടെന്ന് മറ്റുള്ളവര്‍ എന്നോട് പറയുമ്പോള്‍ ആ വാക്കുകള്‍ എന്നെ അനുഗ്രഹിക്കുന്നതുപോലെയാണ് തോന്നാറുള്ളത്. ആ സമയം എനിക്ക് ഒരുപാട് സന്തോഷം തോന്നും.
എന്റെ കഥാപാത്രങ്ങള്‍ മിക്കതും തമിഴ് ആരാധകര്‍ അവരുടെ ഹൃദയത്തിലേറ്റി കഴിഞ്ഞു. ഒരിക്കല്‍ ഞാന്‍ പൊള്ളാച്ചിയില്‍ ഒരു വെബ് സീരീസിന്റെ ഷൂട്ടിങ്ങിനായി പോയിരുന്നു. എന്നാല്‍ അവിടെയുള്ളവര്‍ക്ക് എന്റെ പേര് അറിയില്ലായിരുന്നു.
അതേസമയം എന്റെ കഥാപാത്രങ്ങളുടെ പേര് അവര്‍ക്കറിയാം. ‘നിങ്ങളല്ലേ പൂങ്കുഴലി, നിങ്ങളല്ലേ ഗാട്ട ഗുസ്തിയില്‍ അഭിനയിച്ചത്’ എന്ന് പറഞ്ഞ് അവര്‍ എന്നോട് സംസാരിച്ചു. എന്റെ പേര് അറിയില്ലെങ്കിലും സാരമില്ല, അവര്‍ എന്റെ സിനിമകള്‍ കണ്ടാല്‍ മതി,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
കമല്‍ ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് ആണ് ഐശ്വര്യയുടെ കരിയറിലെ 25ാം ചിത്രം. മണിരത്‌നം അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചാല്‍ തന്റെ വേഷം എന്താണെന്നോ ഡേറ്റ് എപ്പോഴാണെന്നോ ചോദിക്കാതെ തന്നെ താന്‍ സമ്മതിക്കുമെന്നും നടി അഭിമുഖത്തില്‍ പറയുന്നു.
Content Highlight: Aishwarya Lakshmi Talks About Tamil Audience