Entertainment
രാവിലെ ആറ് മണിക്ക് ആദ്യ ഷോ, ലിയോയുടെ ഫസ്റ്റ് ഡേ റെക്കോഡ് വീഴ്ത്താന്‍ എമ്പുരാന് സാധിക്കുമോ? ട്രാക്കര്‍മാരുടെ കണക്കുകള്‍ ഇങ്ങനെ

മലയാളക്കര ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. ഇന്‍ഡസ്ട്രിയിലെ ഏറ്റവും ചെലവേറിയ ചിത്രമായി ഒരുങ്ങുന്ന എമ്പുരാന്‍ മാര്‍ച്ച് 27നാണ് തിയേറ്ററുകളിലെത്തുക. രാവിലെ ആറ് മണി മുതലാണ് കേരളത്തില്‍ എമ്പുരാന്റെ ആദ്യ പ്രദര്‍ശം ആരംഭിക്കുക. ചിത്രത്തിന്റെ ആദ്യ അപ്‌ഡേറ്റ് മുതല്‍ പലരും പ്രതീക്ഷിക്കുന്ന ഒന്നാണ് കേരളത്തില്‍ ലിയോയുടെ ഫസ്റ്റ് ഡേ കളക്ഷന്‍ എമ്പുരാന്‍ തകര്‍ക്കുമോ എന്നത്.

ഇപ്പോഴിതാ മലയാളത്തിലെ പല ട്രാക്കര്‍മാരും എമ്പുരാന്‍ ലിയോയുടെ ആദ്യദിന കളക്ഷന്‍ തകര്‍ക്കാന്‍ വിദൂര സാധ്യത മാത്രമേ ഉള്ളൂ എന്നാണ് അഭിപ്രായപ്പെടുന്നത്. തമിഴിലെ ഏറ്റവും ഹൈപ്പേറിയ ചിത്രമായാണ് ലിയോ പ്രേക്ഷകരിലേക്കെത്തിയത്. ലോകേഷ്- വിജയ് കോമ്പോ എന്നതിന് പുറമെ എല്‍.സി.യു ഫാക്ടറും ചിത്രത്തിന്റെ ഹൈപ്പിന് പ്രധാന കാരണമായിരുന്നു.

കേരളത്തിലെ 700 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തിയ ലിയോയുടെ ആദ്യ ഷോ പുലര്‍ച്ചെ നാല് മണിക്കായിരുന്നു ആരംഭിച്ചത്. കേരളത്തിലെ ഏറ്റവുമുയര്‍ന്ന പ്രീ സെയില്‍ റെക്കോഡും ലിയോ സ്വന്തമാക്കിയിരുന്നു. ആദ്യദിനം കേരളത്തില്‍ മാത്രം 4000-നടുത്ത് ഷോസ് ലിയോ കളിച്ചിരുന്നു. ഇതിലൂടെയാണ് 12 കോടി ഫസ്റ്റ് ഡേ കളക്ഷന്‍ ലിയോക്ക് ലഭിച്ചത്.

എമ്പുരാന്റെ ആദ്യ ഷോ ആറ് മണിക്കായതിനാല്‍ എല്ലാ സെന്ററുകളിലും ആദ്യദിനം അഞ്ച് ഷോ മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂ. കേരളത്തിലെ 722 സ്‌ക്രീനുകളില്‍ 600 സ്‌ക്രീനില്‍ എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തിയേക്കും. എന്നാല്‍ ആദ്യദിനം എല്ലാ സ്‌ക്രീനിലും അഞ്ച് ഷോ വെച്ച് നടത്തിയാല്‍ മാത്രമേ ലിയോയെ മറികടക്കാന്‍ എമ്പുരാന് സാധിക്കുള്ളൂ.

ഫുള്‍ പോസിറ്റീവ് റിവ്യൂ ലഭിച്ചാല്‍ കേരളത്തിലെ സകല കളക്ഷന്‍ റെക്കോഡും എമ്പുരാന്‍ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ലിയോയുടെ ആദ്യദിന കളക്ഷന്‍ എമ്പുരാന്‍ മറികടന്നില്ലെങ്കില്‍ അടുത്ത കാലത്തൊന്നും ആ റെക്കോഡ് മറ്റൊരു ചിത്രവും തകര്‍ക്കില്ലെന്നതില്‍ സംശയമില്ല. ഖുറേഷി അബ്രാം ബോക്‌സ് ഓഫീസിന്റെ അന്തകനായി മാറുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

ആശീര്‍വാദ് സിനിമാസിനൊപ്പം ശ്രീ ഗോകുലം മൂവീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുക. ആറ് രാജ്യങ്ങളിലായി 150 ദിവസത്തോളം നീണ്ടുനിന്ന ഷൂട്ടായിരുന്നു എമ്പുരാന്റേത്. പാന്‍ ഇന്ത്യനായി ഒരുങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചും മറ്റ് പ്രൊമോഷനുകളും അധികം വൈകാതെ ഉണ്ടാകുമെന്നാണ് കരുതുന്നത്.

Content Highlight: Social media discussing on Empuraan can break the first day collection of Leo