യു.ഡി.എഫില്‍ അഭിപ്രായ വ്യത്യാസമില്ല: പി.പി തങ്കച്ചന്‍
Daily News
യു.ഡി.എഫില്‍ അഭിപ്രായ വ്യത്യാസമില്ല: പി.പി തങ്കച്ചന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Apr 09, 11:22 am
Thursday, 9th April 2015, 4:52 pm

udf
തിരുവനന്തപുരം: മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലെ മുന്നണിക്കകത്ത് അഭിപ്രായ വ്യത്യാസമില്ലെന്നും യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട് പോകുമെന്നും മുന്നണി കണ്‍വീനര്‍ പി.പി തങ്കച്ചന്‍.

പി.സി ജോര്‍ജിന്റെ ആരോപണങ്ങളെല്ലാം പല വട്ടം ഉന്നയിക്കപ്പെട്ടതാണ് ഇതിനാല്‍ തന്നെ അദ്ദേഹം മുഖ്യമന്ത്രിക്കയച്ച കത്ത് യോഗത്തില്‍ ചര്‍ച്ചാ വിഷയമായില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വെച്ച് നടന്ന യു.ഡി.എഫ് യോഗത്തിന്റെ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

കെ.എം മാണിക്കെതിരായുള്ള കോഴ വിവാദത്തില്‍ ഒരു സത്യവുമില്ല. അദ്ദേഹത്തിനെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞതല്ലാതെ തെളിവുകളൊന്നുമില്ലെന്നും തങ്കച്ചന്‍ പറഞ്ഞു. മുന്നണിക്കകത്ത് സ്ഥാന മാനങ്ങള്‍ നല്‍കുന്നത് കക്ഷികള്‍ക്കാണ് അതിനാല്‍ പി.സി ജോര്‍ജിന് പകരം തോമസ് ഉണ്ണിയാടനെ ചീഫ് വിപ്പായി യോഗം അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം എന്നാല്‍ ദിവസേന ആളുകളുടെ പേരുകള്‍ മാറ്റി പറയുന്ന സരിതയുടെ കത്ത് പരിഗണിക്കാനാവില്ലെന്നും വനിത എം.എല്‍.എമാരെ അക്രമിച്ചുവെന്നടക്കം കള്ളത്തരം പറഞ്ഞ് സമരം നടത്തുന്നവരാണ് എല്‍.ഡി.എഫെന്നും തങ്കച്ചന്‍ പറഞ്ഞു.

കേരളത്തിനുള്ള റേഷന്‍ വിഹിതമടക്കം വെട്ടി കുറച്ച കേന്ദ്ര സര്‍ക്കാറിന് തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങള്‍ പാലിക്കാനായില്ല. ന്യൂനപക്ഷങ്ങളുടെ പുണ്യദിനങ്ങളില്‍ ദേശീയ സമ്മേളനങ്ങള്‍ നടത്തുകയും ചെയ്യുകയാണ് കേന്ദ്ര സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.