ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന; ഇന്ത്യ മുന്നണിക്കെതിരെ പ്രചാരണ ആയുധമാക്കാനൊരുങ്ങി ബി.ജെ.പി
national news
ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന; ഇന്ത്യ മുന്നണിക്കെതിരെ പ്രചാരണ ആയുധമാക്കാനൊരുങ്ങി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th September 2023, 2:12 pm

ചെന്നൈ: സനാതന ധര്‍മം തുടച്ചുനീക്കേണ്ടതാണെന്ന തമിഴ്‌നാട് യുവജനക്ഷേമ കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയില്‍ വിവാദം കത്തുന്നു. വിഷയം ദേശീയ തലത്തില്‍ തന്നെ ഇതിനോടകം ചര്‍ച്ചയായിരിക്കുകയാണ്. മാറാരോഗങ്ങള്‍ തുടച്ചുനീക്കിയത് പോലെ തുടച്ചുനീക്കേണ്ടതാണ് സനാതന ധര്‍മം എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. തമിഴ്‌നാട് ദേവസ്വം ബോര്‍ഡ് മന്ത്രിയടക്കം പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിഷയം ഇന്ത്യ മുന്നണിക്കെതിരെ ദേശീയ തലത്തില്‍ പ്രചരണ ആയുധമാക്കാനാണ് ബി.ജെ.പി പദ്ധതിയിടുന്നത്.

പ്രതികരണത്തിന്റെ പേരില്‍ ഉദയനിധി സ്റ്റാലിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയിരിക്കുകയാണ് ഇപ്പോള്‍ ബി.ജെ.പി. ഇക്കാര്യം ആവശ്യപ്പെട്ട് ബി.ജെ.പി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അശ്വത്ഥാമനാണ് ഗവര്‍ണര്‍ ആര്‍.എല്‍.രവിക്ക് കത്ത് നല്‍കിയിരിക്കുന്നത്. മന്ത്രിയുടെ പ്രസ്താവന സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ് എന്നാണ് കത്തില്‍ പറയുന്നത്. ഈ കത്തിന്റെ പകര്‍പ്പ് ട്വിറ്ററില്‍ അഭിഭാഷ കൂട്ടായ്മ പങ്കുവെച്ചിട്ടുണ്ട്. ചിരിക്കുന്ന ഒരു ഇമോജി നല്‍കി പരിഹാസരൂപേണയാണ് ഉദയനിധി സ്റ്റാലിന്‍ ഈ കത്തിനോട് പ്രതികരിച്ചിരിക്കുന്നത്.

 

സംസ്ഥാനമാകെ ഉദയനിധി സ്റ്റാലിനെതിരെ കേസുകള്‍ നല്‍കുമെന്ന് തമിഴ്‌നാട് ഹിന്ദുമക്കള്‍ കക്ഷിയും അറിയിച്ചിരുന്നു. പരമാര്‍ശം നടത്തുന്ന സമയത്ത് വേദിയിലുണ്ടായിരുന്ന തമിഴ്‌നാട് ദേവസ്വം വകുപ്പ് മന്ത്രി ശേഖര്‍ ബാബുവും രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 7ന് സംസ്ഥാന വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഹിന്ദുമക്കള്‍ കക്ഷിയും ബി.ജെ.പിയും പദ്ധതിയിടുന്നുണ്ട്.

വിഷയം കോണ്‍ഗ്രസിനെതിരെ തിരിക്കാനും ബി.ജെ.പി ശ്രമിക്കുന്നുണ്ട്. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയില്‍ രാഹുല്‍ ഗാന്ധി പ്രതികരിക്കണമെന്നാണ് ബി.ജെ.പി ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ബി.ജെ.പി നേതാവ് രവിശങ്കര്‍ പ്രസാദ് ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം അമിത്ഷായും ജെ.പി. നദ്ദയും വിഷയത്തില്‍ പ്രതികരണങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് രണ്ടാം ദിവസം മറ്റു നേതാക്കളും ഇത് ഇന്ത്യ മുന്നണിക്കെതിരായ പ്രചാരണ ആയുധമാക്കുന്നത്. ഇന്ത്യ മുന്നണി ഹിന്ദു വിരുദ്ധ മുന്നണിയാണെന്നാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം ചൂണ്ടിക്കാട്ടി കൊണ്ട് ബി.ജെ.പി ആരോപിക്കുന്നത്.

അതേസമയം ഓരോ പാര്‍ട്ടിക്കും അവരുടേതായ അഭിപ്രായങ്ങളുണ്ടാകുമെന്നാണ് വിഷയത്തോട് കോണ്‍ഗ്ര് നേതാവ് കെ.സി. വേണുഗോപാല്‍ പ്രതികരിച്ചിരിക്കുന്നത്. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും രംഗത്തെത്തി. സനാതന ധര്‍മത്തെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന അജ്ഞതകൊണ്ടാണെന്നാണ് ശിവസേനയുടെ നിലപാട്.

വിഷയം വലിയ രാഷ്ട്രീയ ആയുധമാക്കിയെടുക്കാനാണ് ബി.ജെ.പിയും ഇതര സംഘപരിവാര്‍ സംഘടനകളും തീരുമാനിച്ചിരിക്കുന്നത് എന്നാണ് ഇപ്പോള്‍ വന്നുകൊണ്ടരിക്കുന്ന പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ തന്റെ പ്രസ്താവനയില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണെന്നും സനാതന ധര്‍മ്മത്തിനെതിരായ പോരാട്ടം തുടരുമെന്ന് തന്നെയാണ് ഉദയനിധി സ്റ്റാലിന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.

content highlights; Udayanidhi Stalin’s statement: BJP is preparing to use it as a propaganda weapon against India Front