ഇവനാണോ അടുത്ത വിരാട്? ഇന്ത്യൻ നായകന് റെക്കോഡ് നേട്ടം; ഇന്ത്യൻ യുവനിര സെമിയിലേക്ക്
Cricket
ഇവനാണോ അടുത്ത വിരാട്? ഇന്ത്യൻ നായകന് റെക്കോഡ് നേട്ടം; ഇന്ത്യൻ യുവനിര സെമിയിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd February 2024, 8:20 am

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. സൂപ്പര്‍ സിക്‌സില്‍ നടന്ന മത്സരത്തില്‍ നേപ്പാളിനെതിരെ 132 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യന്‍ യുവനിര സ്വന്തമാക്കിയത്. ലോകകപ്പിലെ ഇന്ത്യയുടെ തുടര്‍ച്ചയായ അഞ്ചാം വിജയം കൂടിയായിരുന്നു ഇത്.

മത്സരത്തില്‍ ഇന്ത്യക്കായി രണ്ട് സെഞ്ച്വറികളാണ് പിറന്നത്. സച്ചിന്‍ ദാസ് നായകന്‍ ഉദയ് സഹറനും സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി.

107 പന്തില്‍ 100 റണ്‍സ് നേടിയായിരുന്നു ഇന്ത്യന്‍ നായകന്റെ തകര്‍പ്പന്‍ പ്രകടനം. ഒമ്പത് ഫോറുകളാണ് സഹറന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതിനുപിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ഇന്ത്യന്‍ നായകനെ തേടിയെത്തിയിരിക്കുകയാണ്.

ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ എന്ന നേട്ടമാണ് ഉദയ് സഹറന്‍ സ്വന്തം പേരിലാക്കി മാറ്റിയത്. അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും രണ്ട് അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 308 റണ്‍സാണ് ഉദയ് നേടിയത്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുമാണ് ഇന്ത്യന്‍ നായകന്‍. 334 റണ്‍സ് നേടിയ ഇന്ത്യന്‍ താരം മുഷീര്‍ ഖാന്‍ ആണ് പട്ടികയില്‍ ഒന്നാമതുള്ളത്.

ഇന്ത്യന്‍ നായകന് പുറമേ സച്ചിന്‍ ദാസും സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 101 പന്തില്‍ 116 റണ്‍സാണ് സച്ചിന്‍ നേടിയത്. 11 ഫോറുകളും മൂന്ന് സിക്‌സറുകളുമാണ് സച്ചിന്‍ അടിച്ചെടുത്തത്. ഈ രണ്ടു തകര്‍പ്പന്‍ സെഞ്ചറികളുടെ പിന്‍ബലത്തില്‍ ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നേപ്പാള്‍ ഇന്നിങ്‌സ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് 165 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ സൗമി കുമാര്‍ പാണ്ഡെ നാല് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി. 10 ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് താരം നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. സൗമിക്ക് പുറമെ അര്‍ഷിന്‍ കുല്‍ക്കര്‍ണി രണ്ട് വിക്കറ്റും മുരുകന്‍ പെരുമാള്‍ അഭിഷേക് ഒരു വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ കൂറ്റന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

നേപ്പാള്‍ ബാറ്റിങ് നിരയില്‍ ദേവ് കനാല്‍ 33 റണ്‍സും ദുര്‍ഗേഷ് ഗുപ്ത 29 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ടീമിനെ വിജയിച്ചു എത്തിക്കാന്‍ സാധിച്ചില്ല.

Content Highlight: Uday Saharan create a new record and India win in Under 19 world cup.