യൂബര്‍ ടാക്‌സി യൂറോപ്പിന്റേത്; തുര്‍ക്കിയില്‍ യൂബര്‍ അവസാനിപ്പിച്ചെന്ന് എര്‍ദോഗാന്‍
world
യൂബര്‍ ടാക്‌സി യൂറോപ്പിന്റേത്; തുര്‍ക്കിയില്‍ യൂബര്‍ അവസാനിപ്പിച്ചെന്ന് എര്‍ദോഗാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 3rd June 2018, 1:53 pm

ഇസ്താംബൂള്‍: രാജ്യത്ത് യൂബര്‍ ടാക്‌സി സംവിധാനം നിരോധിക്കുകയാണെന്ന് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍. ഞങ്ങള്‍ക്ക് സ്വന്തമായൊരു ടാക്‌സി സംവിധാനമുണ്ട്. യൂബര്‍ എവിടെ നിന്നാണ് വന്നത്. യൂറോപ്പിലാണ് ഇതുപയോഗിക്കുന്നത്. ഞങ്ങളുടെ കാര്യം ഞങ്ങള്‍ തീരുമാനിച്ചുകൊള്ളാം. എര്‍ദോഗാന്‍ പറഞ്ഞു.

രാജ്യത്തെ ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് എര്‍ദോഗാന്റെ പ്രസ്താവന. ഇസ്താംബൂളില്‍ മാത്രം 17,400 ടാക്‌സികളാണുള്ളത്. 2014ല്‍ യൂബര്‍ ടാക്‌സി ആരംഭിച്ചത് മുതല്‍ തുര്‍ക്കിയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

 

യൂബറിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനായി തുര്‍ക്കി നേരത്തെ പുതിയ നിയമം കൊണ്ടു വന്നിരുന്നു. എന്നാല്‍ എര്‍ദോഗാന്റെ പ്രസ്താവനയോട് യൂബര്‍ പ്രതികരിച്ചിട്ടില്ല. ദീര്‍ഘകാലത്തേക്ക് തുര്‍ക്കിയുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനായി എല്ലാകാര്യങ്ങളും പരിഗണിക്കേണ്ടതുണ്ടെന്ന് നേരത്തെ നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ കമ്പനി പറഞ്ഞിരുന്നു.

മൂന്നാഴ്ച കഴിഞ്ഞാല്‍ തുര്‍ക്കിയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പ്രസ്താവന ഇറക്കിയതിന് പിന്നാലെ എര്‍ദോഗാനെ പിന്തുണച്ച് ഇസ്താംബൂളിലെ ടാക്‌സിഡ്രൈവര്‍മാര്‍ അദ്ദേഹത്തിന്റെ വീടിന് പുറത്ത് റാലി നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.