ന്യൂദല്‍ഹി: സാമ്പത്തിക സംവരണം മുന്നാക്ക വഭാഗങ്ങള്‍ക്കായി പരിമിതപ്പെടുത്തി, പിന്നാക്കക്കാരെ പുറന്തള്ളിയ 103ാം ഭരണഘടന ഭേദഗതി ഭരണഘടന വിലക്കിയ വിവേചനത്തിന്റെ ഒരു രൂപമാണെന്ന് ജസ്റ്റിസ് യു.യു. ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും. മുന്നാക്ക സംവരണം ശരിവെച്ച സുപ്രീം കോടതി വിധിയിലാണ് ഇരുവരും ഇക്കാര്യം പ്രസ്താവിച്ചത്.
ദാരിദ്ര്യവും സാമ്പത്തിക പിന്നാക്കാവസ്ഥയുമാണ് ഈ നിയമഭേദഗതിയുടെ നട്ടല്ലെന്നും നിയമഭേദഗതി അനുവദനീയമാണെന്നും ജസ്റ്റിസ് ഭട്ട് വ്യക്തമാക്കി. എന്നാല്‍ പട്ടികജാതി, പട്ടിക വര്‍ഗങ്ങളെയും മറ്റുപിന്നാക്ക വിഭാഗങ്ങളെയും അതില്‍ നിന്ന് പുറന്തള്ളിയത് ഭരണഘടനാപരമായി അനുവദനീയമല്ലെന്ന് ഭട്ട് പ്രസ്താവനയില്‍ പറഞ്ഞു.
ആരെങ്കിലും സ്വന്തം മതത്തിന്റെ അതിജീവനവും മറ്റുള്ളവരുടെ വിനാശവും മാത്രം സ്വപ്‌നം കാണുകയാണെങ്കില്‍ അവനെക്കുറിച്ചോര്‍ത്ത് വേദന തോന്നുന്നുവെന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട് ഓര്‍മിപ്പിച്ചു.
ആരെയും പുറന്തള്ളാന്‍ ഭരണഘടന അംഗീകരിക്കുന്നില്ല. ഈ ഭേദഗതി സാമൂഹിക നീതിയുടെ ചട്ടക്കൂടിന് അടിവരയിടുന്നതാണ്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നില്‍ നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അവരെ മെച്ചപ്പെട്ട നിലയിലാക്കിയെന്ന് വിശ്വസിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നതാണ് ഈ നിയമനിര്‍മാണം.
അതിനാല്‍ സാമ്പത്തികമായും സാമൂഹികമായും പിന്നില്‍ നില്‍ക്കുന്ന വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തില്‍ നിന്ന് ഒഴിവാക്കുന്നത് ശരിയല്ല. അവര്‍ക്ക് കിട്ടുന്ന ആനുകൂല്യങ്ങള്‍ ഫ്രീ പാസാണെന്ന് മനസിലാക്കരുത്. അതവര്‍ക്ക് പ്രായശ്ചിത്തമായി നല്‍കുന്ന നഷ്ടപരിഹാരമാണെന്നും ജസ്റ്റിസ് ഭട്ട് പറഞ്ഞു. ഭട്ടിന്റെ പ്രസ്താവത്തോട് യോജിക്കുന്നതായും ജസ്റ്റിസ് യു.യു. ലളിതും കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച രാവിലെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ 10 ശതമാനം മുന്നാക്ക സംവരണം ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത്. ചീഫ് ജസ്റ്റിസ് യു.യു. ലളിത് ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്ന് ജഡ്ജിമാരും സംവരണത്തെയും 103ാം ഭരണഘടനാ ഭേദഗതിയെയും പൂര്‍ണമായും ശരിവെച്ചു.
മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണം ഭരണഘടനാപരമാണെന്നായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം. സംവരണ വിഷയത്തില്‍ നാല് വിധികളാണ് ബെഞ്ച് പുറപ്പെടുവിച്ചത്.
നിലവില്‍ സംവരണമുള്ള വിഭാഗങ്ങളെ സാമ്പത്തിക സംവരണത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതിനെയും ഈ വിധി അംഗീകരിച്ചു. അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലെ സാമ്പത്തിക സംവരണവും കോടതി അംഗീകരിച്ചു.