Advertisement
Kerala
ചില മന്ത്രിമാര്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല; വ്യക്തിപരമായ കാര്യം പറയാനല്ല വിളിക്കുന്നത്; പൊതുപരിപാടിക്കിടെ വിമര്‍ശനവുമായി പ്രതിഭ എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Sep 14, 08:59 am
Tuesday, 14th September 2021, 2:29 pm

കൊച്ചി: മന്ത്രിമാര്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കാത്തതിനെ കുറിച്ച് പൊതുവേദിയില്‍ വിമര്‍ശനവുമായി യു. പ്രതിഭ എം.എല്‍.എ. വ്യക്തിപരമായ കാര്യം പറയാനല്ല ഫോണ്‍ വിളിക്കുന്നതെന്നും തിരിച്ചുവിളിക്കുന്ന മന്ത്രിമാര്‍ കുറവാണെന്നും യു. പ്രതിഭ പറഞ്ഞു.

എന്നാല്‍ വി.ശിവന്‍കുട്ടി അങ്ങനെയല്ലെന്നും മന്ത്രിയെ വേദിയിലിരുത്തി യു.പ്രതിഭ പറഞ്ഞു. കായംകുളത്ത് പൊതു പരിപാടിയിലായിരുന്നു പ്രതിഭയുടെ വിമര്‍ശനം

പല തവണ വിളിച്ചാലും തനിക്ക് അടുപ്പമുള്ള ഒരു മന്ത്രി ഫോണ്‍ എടുക്കുന്നില്ലെന്നായിരുന്നു പ്രതിഭ പറഞ്ഞത്. എപ്പോള്‍ വിളിച്ചാലും തിരിച്ചുവിളിക്കുന്ന മന്ത്രിയാണ് വി ശിവന്‍കുട്ടി. അതിന് നന്ദിയുണ്ട്.

എന്നാല്‍ മറ്റൊരുമന്ത്രിയുണ്ട് പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല. വ്യക്തിപരമായ കാര്യങ്ങള്‍ക്കായല്ല വിളിക്കുന്നതെന്ന് ആ മന്ത്രി മനസിലാക്കണം. എന്നാല്‍ ഫോണ്‍ എടുക്കാത്ത മന്ത്രി ആരാണെന്ന് എം.എല്‍.എ പ്രസംഗത്തില്‍ പറഞ്ഞില്ല. പൊതുചടങ്ങിനിടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം.

എം.എല്‍.എയുടെ വാക്കുകള്‍

‘തിരക്ക് ഉണ്ടാവുമെന്ന് കരുതി നൂറ് വട്ടം ആലോചിച്ചിട്ടാണ് മന്ത്രിയെ വിളിക്കുന്നത്. കാരണം അവര്‍ അത്രയും തിരക്കുള്ളവരാണ്. അതൊക്കെ ആലോചിച്ചിട്ട് തന്നെയാണ് വിളിക്കാറ്. പക്ഷേ ശിവന്‍കുട്ടി സര്‍ നമ്മുടെ ഒറ്റ കോളില്‍ തന്നെ ഫോണെടുക്കും. അല്ലെങ്കില്‍ അദ്ദേഹം തിരിച്ചുവിളിക്കും.

നമ്മളാരും നമ്മളുടെ വ്യക്തിപരമായ കാര്യം പറയാനല്ല വിളിക്കുന്നത്. എന്നാല്‍ ഞങ്ങളെയൊക്കെ വ്യക്തിപരമായ കാര്യം പറയാന്‍ നിരവധി പേര്‍ വിളിക്കാറുണ്ട്. എന്നോടെക്കെ സങ്കടം പറയാനായി നിരവധി കുട്ടികളും സ്ത്രീകളും വിളിക്കാറുണ്ട്.

ചിലപ്പോള്‍ ചിലത് എടുക്കാന്‍ കഴിയാറില്ല. എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരെയെങ്കിലും കൊണ്ട് തിരിച്ചുവിളിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ ഞങ്ങളുടെ വിഷമം എന്ന് പറയുന്നത്, അപൂര്‍വമായി മാത്രമാണ് മന്ത്രിമാരെ വിളിക്കുന്നത്. അപ്പോള്‍ പോലും ഫോണ്‍ എടുക്കാറില്ല,’ പ്രതിഭ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: U Prathiba MLA On Ministers