കരിപ്പൂരില്‍ വിമാനം വൈകി; പ്രതിഷേധിച്ച രണ്ട് സ്ത്രീയാത്രക്കാര്‍ അറസ്റ്റില്‍
കരിപ്പൂര്‍: വിമാനം വൈകിയതിനെ തുടര്‍ന്ന് ക്ഷുഭിതരായ യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. പാസ് വേ ഉപരോധിച്ച സ്ത്രീകളെ മാറ്റാനുള്ള ശ്രമത്തിനിടയില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥക്ക് പരിക്കേറ്റു. പ്രതിഷേധിച്ച രണ്ട് സ്ത്രീകളെ വിമാനത്താവളം സുരക്ഷാ സേന അറസ്റ്റ് ചെയ്തു പൊലീസിന് കൈമാറി.
കണ്ണൂര്‍ സ്വദേശി സൗദ (40), ഒഞ്ചിയം സ്വദേശി ഖദീജ (46) എന്നിവരാണ് അറസ്റ്റില്‍ ആയത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് വിമാനത്താവളത്തില്‍ സംഭവം അരങ്ങേറിയത്. രാവിലെ എട്ടിന് പുറപ്പെടേണ്ട ഇന്‍ഡിഗോ എയര്‍ ഇന്ത്യ കരിപ്പൂര്‍-ബെംഗളൂരു വിമാനത്തിലെ യാത്രക്കാരാണ് പ്രതിഷേധിച്ചത്. വിമാനം ഒരു മണിക്കൂര്‍ വൈകും എന്നായിരുന്നു ഇന്‍ഡിഗോ ആദ്യം അറിയിച്ചത്. എന്നാല്‍ വിമാനം അനിശ്ചിതമായി വൈകുകയായിരുന്നു.
അതേസമയം 10:30 ന് പുറപ്പെടുന്ന മറ്റൊരു വിമാനത്തിന്റെ ചെക്ക് ഇന്‍ ആരംഭിച്ചു. 10:30ന് ഉള്ള വിമാനത്തില്‍ സീറ്റ് അനുവദിക്കണമെന്ന് ആവശ്യമുയര്‍ത്തിയായിരുന്നു പ്രതിഷേധം. ബെംഗളൂരുവില്‍ നിന്ന് വിദേശങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് വിമാന കമ്പനി 10:30നുള്ള വിമാനത്തിലേക്ക് ടിക്കറ്റ് മാറ്റി നല്‍കിയിരുന്നു. ഇതാണ് പ്രതിഷേധത്തിന് കാരണമായത്.
വൈകിയ വിമാനത്തില്‍ ഹൈദരാബാദിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കേണ്ട അഞ്ച് വിദ്യാര്‍ഥികളും അവരുടെ അമ്മമാരും ഉണ്ടായിരുന്നു. വിമാനം വൈകിയതോടെയാണ് ഇവര്‍ വിമാനത്താവളത്തിന്റെ പാസ് വേ ഉപരോധിച്ചത്.
പാസ് വേ ഉപരോധിച്ച സ്ത്രീകളെ ബലമായി മാറ്റുന്നതിനിടയിലാണ് സുരക്ഷാ ഉദ്യോഗസ്ഥ വീണു പരിക്ക് പറ്റിയത്. വിമാനം വൈകിയതോടെ വിദ്യാര്‍ത്ഥികള്‍ അടക്കം പലരും വീട്ടിലേക്ക് മടങ്ങിപ്പോയി. പകല്‍ മൂന്നു മണിയോടെയാണ് വിമാനം കരിപ്പൂര്‍ വിട്ടത്.
Content highlight: Two passengers arrested While protesting flight delay in Karipur