വന്യജീവി ആക്രമണത്തില്‍ സംസ്ഥാനത്ത് രണ്ട് മരണം; കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണം, പെരിങ്ങല്‍ക്കുത്തില്‍ കാട്ടാനയുടെയും
Kerala News
വന്യജീവി ആക്രമണത്തില്‍ സംസ്ഥാനത്ത് രണ്ട് മരണം; കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണം, പെരിങ്ങല്‍ക്കുത്തില്‍ കാട്ടാനയുടെയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th March 2024, 5:39 pm

കോഴിക്കോട്: വന്യജീവി ആക്രമണത്തിൽ കേരളത്തിൽ ചൊവ്വാഴ്ച രണ്ട് മരണം. കോഴിക്കോട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ മരിച്ചു.

കക്കയം സ്വദേശിയായ പാലാട്ടിയിൽ എബ്രഹാമെന്ന അവറാച്ചനാണ് കാട്ടുപോത്തിന്റെ കുത്തേറ്റ് മരണപ്പെട്ടത്. കശുവണ്ടി ശേഖരിക്കാൻ പോകുന്നതിനിടയിലാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.

കഴിഞ്ഞ ദിവസവും കക്കയത്തിന് സമീപമുള്ള കൂരാച്ചുണ്ട് കല്ലാനോട് ഭാഗത്തെ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയിരുന്നു.

നിലവിൽ കോഴിക്കോട് ശക്തമായ പ്രതിഷേധം നടക്കുകയാണ്. മെഡിക്കൽ കോളേജിൽ കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞ് പ്രതിഷേധിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്നാണ് പ്രതിഷേധക്കാർ ഉയർത്തുന്ന ആവശ്യം.

പ്രതിഷേധക്കാരും പൊലീസും തമ്മിൽ വാക്കേറ്റം ഉണ്ടായി. ഡെപ്യൂട്ടി കളക്ടർ, ഡി.സി.പി എന്നിവർ സ്ഥലത്തെത്തി അനുനയ ചർച്ച നടത്തുന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കി. ജില്ലാ കളക്ടർ സ്ഥലത്ത് എത്താതെ ആംബുലൻസ് വിട്ടുനൽകില്ലെന്നും പ്രതിഷേധക്കാർ അറിയിച്ചു.

അതേസമയം തൃശൂരിലും വന്യജീവി ആക്രമണത്തിൽ ഒരാൾ മരണപ്പെട്ടു. വാച്ച്മരം സ്വദേശി വത്സ(64)യെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രണം ഉണ്ടായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

2024ൽ കാട്ടാനയുടെ ആക്രമണത്തിൽ മാത്രം സംസ്ഥാനത്ത് എട്ട് മരണങ്ങൾ നടന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Content Highlight: Two killed in wild animal attack in state