ന്യൂദല്‍ഹി: കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കശ്മീരിനേയും ലഡാക്കിനേയും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടവുമായി ട്വിറ്റര്‍. ജമ്മു കശ്മീരും ലഡാക്കും ഇന്ത്യക്ക് പുറത്ത് പ്രത്യേക രാജ്യങ്ങളായിട്ടാണ് ട്വിറ്റര്‍ തങ്ങളുടെ വെബ്സൈറ്റിലെ ഭൂപടത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സര്‍ക്കാരുമായി തമ്മില്‍ സ്വകാര്യതാ നയം സംബന്ധിച്ച് വലിയ പോര് നടക്കുന്നതിനിടയിലാണ് ട്വിറ്ററിന്റെ പുതിയ നടപടി.
ഇതാദ്യമായിട്ടല്ല ട്വിറ്റര്‍ ഇന്ത്യയുടെ ഭൂപടത്തില്‍ നിന്ന് കശ്മീരിനെ ഒഴിവാക്കുന്നത്. ജമ്മു കശ്മീരിലെ ലേ ജിയോ ലൊക്കേഷനില്‍ ട്വിറ്റര്‍ ചൈനയുടെ ഭാഗമായി കാണിച്ചതില്‍ കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ശക്തമായ എതിര്‍പ്പറിയിച്ച് ട്വിറ്റര്‍ സി.ഇ.ഒയ്ക്ക് കത്തയച്ചിരുന്നു.
സാമൂഹികമാധ്യങ്ങള്‍ ഇന്ത്യയില്‍ പരാതിപരിഹാര ഓഫീസര്‍, നോഡല്‍ ഓഫീസര്‍ എന്നിവരെ മേയ് 26-ഓടെ നിയമിക്കണമെന്ന് ഫെബ്രുവരിയില്‍ പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ഐ.ടി. മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. പുതിയ നിയമങ്ങള്‍ മേയ് 26-ന് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.