സുഡാന് തുര്‍ക്കിയുടെയും കുവൈത്തിന്റെയും കൈത്താങ്ങ്; 2500 ടണ്‍ അവശ്യസാധനങ്ങളെത്തിച്ച് ഇരുരാജ്യങ്ങളും
World News
സുഡാന് തുര്‍ക്കിയുടെയും കുവൈത്തിന്റെയും കൈത്താങ്ങ്; 2500 ടണ്‍ അവശ്യസാധനങ്ങളെത്തിച്ച് ഇരുരാജ്യങ്ങളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd October 2024, 5:38 pm

ഖാര്‍ത്തൂം: സുഡാനില്‍ മാനുഷിക സഹായമെത്തിച്ച് തുര്‍ക്കിയും കുവൈത്തും. ഭക്ഷ്യഉത്പന്നങ്ങള്‍ ഉള്‍പ്പെടെ 2500 ടണ്‍ സഹായമാണ് ഇരുരാജ്യങ്ങളും സംയുക്തമായി സുഡാനിലെത്തിച്ചിരിക്കുന്നത്. സുഡാനിലെത്തുന്ന മൂന്നാമത്തെ മാനുഷിക സഹായ കപ്പലിലാണ് 2500 ടണ്‍ അവശ്യസാധനങ്ങള്‍ ഉള്ളത്.

സുഡാനിലെ സാംസ്‌കാരിക വിവര മന്ത്രി ഗര്‍ഹാം അബ്ദുള്‍ ഖാദര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് കപ്പലിനെ സ്വാഗതം ചെയ്തത്. ഇതിനുമുമ്പ് ജൂലൈ 19, സെപ്റ്റംബര്‍ 23 തീയതികളില്‍ സുഡാനില്‍ സഹായ കപ്പലുകള്‍ എത്തിയിരുന്നു.

തുടര്‍ന്ന് രാജ്യത്തേക്ക് സഹായമെത്തിക്കാനുള്ള ഇരുരാജ്യങ്ങളുടെയും നീക്കത്തെ സുഡാനിലെ തുര്‍ക്കി അംബാസിഡര്‍ ഫാത്തിഹ് യില്‍ഡിസ്, കുവൈറ്റ് എംബസിയുടെ ചുമതലയുള്ള മുഹമ്മദ് ഇബ്രാഹിം അല്‍ ഹമദ്, സുഡാനീസ് ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് കമ്മീഷണര്‍ സാല്‍വ ആദം എന്നിവര്‍ പ്രശംസിച്ചു.

സുഡാനിലെ ജനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് തുര്‍ക്കി അംബാസിഡര്‍ പ്രഖ്യാപിക്കുകയും ചെയ്തു. സുഡാനിലെ മാനുഷിക ദുരന്തത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള നീക്കം കൂടിയായിരുന്നു ഇതെന്നും ഫാത്തിഹ് യില്‍ഡിസ് പറഞ്ഞു.

17 മാസമായി തുടരുന്ന സുഡാനിലെ ആഭ്യന്തര കലാപം എത്തിനില്‍ക്കുന്നത് കടുത്ത പട്ടിണിയിലാണ്. സുഡാനിലെ സായുധ സേനയും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മിലുള്ള കലാപത്തില്‍ രാജ്യത്തെ ഭൂരിഭാഗം പൗരന്മാരും നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിന് വിധേയപ്പെട്ടു.

ലോകത്തിലെ ഏറ്റവും വലിയ പട്ടിണി പ്രതിസന്ധിയുടെ വക്കിലാണ് സുഡാനെന്ന് അന്താരാഷ്ട്ര തലത്തിലെ മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തിനകത്ത് യുദ്ധം ചെയ്യുന്ന എല്ലാ വിഭാഗങ്ങളും സുഡാനിലേക്കുള്ള മാനുഷിക സഹായങ്ങളെ തടസപ്പെടുത്തുകയാണെന്നും സംഘടനകള്‍ പറയുകയുണ്ടായി.

ജനറല്‍ അബ്ദുല്‍ ഫത്താഹ് ബുര്‍ഹാന്റെ നേതൃത്വത്തിലുള്ള സൈന്യവും മുഹമ്മദ് ഹംദാന്‍ ദഗലോയുടെ നേതൃത്വത്തിലുള്ള അര്‍ദ്ധസൈനിക റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലാണ് സുഡാനില്‍ കലാപം നടക്കുന്നത്.

സുഡാനിലെ 18 സംസ്ഥാനങ്ങളില്‍ 13ലും വ്യാപിച്ച യുദ്ധം വന്‍ നാശനഷ്ടങ്ങളാണ് സുഡാനില്‍ ഉണ്ടാക്കിയത്. നിലവിലെ കണക്കുകള്‍ പ്രകാരം ആഭ്യന്തര കലാപത്തില്‍ 21,000ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും 33,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും 10 ദശലക്ഷം ആളുകള്‍ രാജ്യത്ത് നിന്ന് പലായനം ചെയ്തതായുമാണ് വ്യക്തമാകുന്നത്.

ആഭ്യന്തര യുദ്ധത്തിന് പുറമെ രാജ്യത്തുണ്ടായ മഴക്കെടുതിയും സുഡാന്‍ ജനതയെ ദുരിത്തിലാഴ്ത്തിയിട്ടുണ്ട്.

കലാപം അവസാനിപ്പിക്കുന്നതിനായി ആഗോള രാഷ്ട്രങ്ങള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സുഡാന്‍ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ വലിയ രീതിയിലുള്ള പരിഗണന സുഡാന് ലോകരാഷ്ട്രങ്ങളില്‍ നിന്ന് ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Content Highlight: Turkiye-Kuwait humanitarian aid ship arrives in Sudan