സ്റ്റാർബക്സ് കപ്പുമായി വാർത്ത അവതരിപ്പിച്ച് തുർക്കി ചാനലിലെ അവതാരക; പ്രോഗ്രാം ഡയറക്ടറേയും അവതാരികയെയും പുറത്താക്കി
World News
സ്റ്റാർബക്സ് കപ്പുമായി വാർത്ത അവതരിപ്പിച്ച് തുർക്കി ചാനലിലെ അവതാരക; പ്രോഗ്രാം ഡയറക്ടറേയും അവതാരികയെയും പുറത്താക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th December 2023, 3:45 pm

അങ്കാര: സ്റ്റാർബക്സിന്റെ കപ്പുമായി പരിപാടി അവതരിപ്പിച്ച അവതാരകയെ പുറത്താക്കി തുർക്കി മാധ്യമം ടി.ജി.ആർ.ടി ഹേബർ ടി.വി. ഇസ്രഈൽ അനുകൂല നിലപാടിന്റെ പേരിൽ ലോകം മുഴുവൻ ബഹിഷ്കരണം നടക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് സ്റ്റാർബക്സ്.

വാർത്താ അവതാരക മെൽറ്റം ഗുനെയുടെയും പേര് വെളിപ്പെടുത്താത്ത പ്രോഗ്രാം ഡയറക്ടറുടെയും നടപടിയെ ശക്തമായി അപലപിച്ച ചാനൽ ഇരുവരുമായുള്ള കരാറുകൾ അവസാനിപ്പിക്കുകയാണെന്നും അറിയിച്ചു.

ഏതെങ്കിലും കമ്പനിയെ പരസ്യം ചെയ്യുന്ന തരത്തിൽ ടി.ജി.ആർ.ടി ന്യൂസ്‌ ടി.വിയിൽ വാർത്ത അവതരിപ്പിക്കുന്നതിന് കർശന വിലക്കുണ്ടെന്ന് ചാനൽ പറയുന്നു.

അവസാനം വരെ ഗസക്ക് വേണ്ടി നിലകൊള്ളുന്ന തുർക്കിയിലെ ജനങ്ങളുടെ വികാരം തങ്ങൾക്കറിയാമെന്നും ടി.ജി.ആർ.ടി ന്യൂസ്‌ ടി.വി അറിയിച്ചു.

ഗസയിലെ യുദ്ധം ആരംഭിച്ചപ്പോൾ സ്റ്റാർബക്സിലെ ജീവനക്കാരുടെ യൂണിയൻ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. തുടന്ന് തങ്ങളുടെ ട്രേഡ്മാർക്ക് ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് സ്റ്റാർബക്സ് യൂണിയനെതിരെ നിയമനടപടികളിലേക്ക് നീങ്ങി.

എന്നാൽ യൂണിയൻ തീവ്രവാദത്തെയും ഭീകരവാദത്തെയും അനുകൂലിക്കുന്നുവെന്ന തരത്തിൽ സ്റ്റാർബക്സ് തങ്ങളെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് യൂണിയനും കോഫി ഭീമന്മാർക്കെതിരെ കേസ് നൽകി.

തുടർന്ന്, ലോകമെമ്പാടുമുള്ള ആളുകൾ സ്റ്റാർബക്സിനെ ബഹിഷ്കരിക്കാൻ തുടങ്ങി. തുർക്കിയിലും സ്റ്റാർബക്സിനെതിരെ നിരവധി പ്രതിഷേങ്ങളാണ് നടക്കുന്നത്. തുർക്കി പ്രസിഡന്റ്‌ തയ്യിബ് എർദോഗന്റെ എ.കെ.പി പാർട്ടി സ്റ്റാർബക്സ് ഔട്ട്‌ലെറ്റുകളിൽ കുത്തിയിരിപ്പ് സമരങ്ങൾ സംഘടിപ്പിച്ചിരുന്നു.

Content Highlight: Turkish broadcaster TGRT Haber accused its news announcer of “covertly advertising” Starbucks on air