'ഫലസ്തീന് വേണ്ടി ഇസ്രഈലിനെ ആക്രമിക്കും, അതിന് കഴിയില്ലെന്ന് ആരും കരുതണ്ട'; മുന്നറിയിപ്പുമായി തുർക്കി പ്രസിഡന്റ് എർദോഗൻ
World News
'ഫലസ്തീന് വേണ്ടി ഇസ്രഈലിനെ ആക്രമിക്കും, അതിന് കഴിയില്ലെന്ന് ആരും കരുതണ്ട'; മുന്നറിയിപ്പുമായി തുർക്കി പ്രസിഡന്റ് എർദോഗൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th July 2024, 8:29 am

അങ്കാറ: ഫലസ്തീന് വേണ്ടി ഇസ്രഈലിനെ ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിപ് എര്‍ദോഗന്‍.
ലിബിയ, നഗോര്‍നോകറാബാഖ് എന്നിവിടങ്ങളില്‍ എന്താണോ ചെയ്തത് അതേ മാതൃകയില്‍ ഇസ്രഈലിലേക്ക് തങ്ങള്‍ കടക്കുമെന്നാണ് എര്‍ദോഗന്‍ പറഞ്ഞത്.

തുര്‍ക്കിയിലെ റൈസില്‍ തന്റെ ഭരണകക്ഷിയായ എ.കെ പാര്‍ട്ടിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഫലസ്തീനികളോട് ഇസ്രഈല്‍ ഒരിക്കലും ഇത്തരത്തില്‍ പെരുമാറാതിരിക്കാന്‍ നമ്മള്‍ കൂടുതല്‍ ശക്തരായിരിക്കണം. തുര്‍ക്കി കറാബാക്കിലും ലിബിയയിലും പ്രവേശിച്ചത് പോലെ സമാനമായൊരു ആക്രമണം ഞങ്ങള്‍ ഇസ്രഈലിലും നടത്തും,’ എര്‍ദോഗന്‍ പറഞ്ഞു.
അത് നമ്മളെ കൊണ്ട് സാധിക്കില്ലെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2020ല്‍ ലിബിയയിലെ യു.എന്‍ അംഗീകൃത സര്‍ക്കാരിനെ പിന്തുണക്കുന്നതിനായി തുര്‍ക്കി സൈന്യം നടത്തിയ ഇടപെടലിനെ കുറിച്ചാണ് അദ്ദേഹം പരാമര്‍ശിച്ചത്.

നാഗോര്‍നോകറാബാക്കില്‍ സൈനിക നടപടി ആരംഭിച്ച അസര്‍ബൈജാനെ പിന്തുണക്കാന്‍ സൈന്യം ഉള്‍പ്പടെയുള്ള എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുമെന്ന് തുര്‍ക്കി കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

എര്‍ദോഗന്റെ പ്രസ്താവനയ്‌ക്കെതിരെ ഇസ്രഈല്‍ രംഗത്തെത്തി. തുര്‍ക്കി പ്രസിഡന്റ് മുന്‍ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്റെ പാത പിന്തുടരുകയാണെന്നാണ് ഇസ്രഈല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പറഞ്ഞത്.

എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറാഖില്‍ എന്താണ് സംഭവിച്ചതെന്നും അത് എങ്ങനെയാണ് അവസാനിച്ചതെന്നും എര്‍ദോഗന്‍ ഓര്‍ക്കണമെന്നും കാറ്റ്‌സ് പറഞ്ഞു.

അതിനിടെ, ഇസ്രഈലിന്റെ ഒഴിപ്പിക്കല്‍ ഉത്തരവിനെ തുടര്‍ന്ന് ഖാന്‍ യൂനുസിലെ മെഡിക്കല്‍ സെന്ററുകള്‍ അടച്ചുപൂട്ടിയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. സൈന്യത്തിന്റെ നിര്‍ബന്ധിത ഒഴിപ്പിക്കലിന് പിന്നാലെ പ്രദേശത്തെ മെഡിക്കല്‍ സെന്ററുകള്‍ പ്രവര്‍ത്തനരഹിതമായെന്നാണ് മന്ത്രാലയം അറിയിച്ചത്. പ്രദേശത്ത് തീവ്രവാദം വര്‍ധിച്ചുവെന്നാണ് ഇസ്രഈലി സൈന്യം ഒഴിപ്പിക്കലിന് നല്‍കുന്ന വിശദീകരണം.

Content Highlight: Turkey’s Erdogan threatens to invade Israel