ടൂണിസ്: പ്രസിഡന്റ് കൈസ് സയിദിനെ വിമര്‍ശിച്ചു എന്ന പേരില്‍ വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയില്‍ ടെലിവിഷന്‍ ചാനലും റേഡിയോ സ്‌റ്റേഷനും അടച്ചു പൂട്ടിച്ചു. ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത് എന്ന് പറഞ്ഞാണ് രാജ്യത്തെ മീഡിയ റെഗുലേറ്ററി അതോറിറ്റി ‘ഹെയ്ക’ ചാനലിനും റേഡിയോ സ്‌റ്റേഷനും പൂട്ടിട്ടത്.
2019ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിട്ടുള്ള നബീല്‍ കരോഇയുടെ ഉടമസ്ഥതയിലുള്ള നെസ്മ ടി.വി, എം.പി സെയ്ദ് ജാസിരിയുടെ ഉടമസ്ഥതയിലുള്ള മതാധിഷ്ഠിത റേഡിയോ സ്‌റ്റേഷന്‍ ഖുറാന്‍ കരീം എന്നിവയാണ് അടച്ചുപൂട്ടിയത്. ‘ഹാര്‍ട്ട് ഓഫ് ടുണീഷ്യ’ പാര്‍ട്ടിയുടെ നേതാവാണ് നബീല്‍ കരോഇ.
പിടിച്ചെടുത്ത ചാനലിന്റെ ബ്രോഡ്കാസ്റ്റിംഗ് ഉപകരണങ്ങളില്‍ ഇറ്റലിയുടെ മുന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസൊനിയ്ക്കും ഉടമസ്ഥാവകാശമുണ്ട്. എം.പി സെയ്ദ് ജാസിരിയെ ഇക്കഴിഞ്ഞ ജൂലൈയില്‍ പ്രസിഡന്റ് കൈസ് സയിദ് സസ്‌പെന്റ് ചെയ്തിരുന്നു.
പ്രസിഡന്റ് കൈസ് സയിദിനെ ഇരു മാധ്യമങ്ങളും വിമര്‍ശിക്കാറുണ്ടായിരുന്നു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിന് പ്രസിഡന്റിനെ വിമര്‍ശിച്ച ‘സെയ്റ്റൂന’ എന്ന ചാനലും ഈ മാസമാദ്യം അടച്ചുപൂട്ടിയിരുന്നു.
നെസ്മ ടി.വിയും ഖുറാന്‍ കരീം റേഡിയോ സ്‌റ്റേഷനും വര്‍ഷങ്ങളായി ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച് വരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നിരവധി കത്തുകളയച്ചിട്ടും ചര്‍ച്ചകള്‍ നടത്തിയിട്ടും ചാനലുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു എന്നാണ് ഹെയ്കയുടെ പ്രസ്താവനയില്‍ പറയുന്നത്.
രാഷ്ട്രീയ നേതാവ് ചാനലിന്റെ ഉടമസ്ഥനായിരുന്നത് അതിലെ പരിപാടികളുടെ ഉള്ളടക്കത്തെ സ്വാധീനിച്ചിരുന്നെന്നും, ഖുറാന്‍ കരീം വിദ്വേഷ പ്രചരണങ്ങളെ പ്രോത്സാഹിപ്പിച്ചെന്നും അക്രമത്തിന് വഴിവെച്ചെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഇതേ കാരണങ്ങള്‍ പറഞ്ഞ് ഹെയ്ക 2019 ഏപ്രിലിലും ചാനലിന്റെ ഉപകരണങ്ങള്‍ പിടിച്ചെടുത്തിരുന്നു.
അധികാരമേറ്റെടുത്തതിന് ശേഷം ഏകാധിപത്യ രീതിയിലുള്ള ഭരണമാണ് കൈസ് സയിദിന്റേത്. അഴിമതി വിരുദ്ധ ഭരണം എന്ന പേരില്‍ നിരവധി രാഷ്ട്രീയക്കാരേയും ജഡ്ജിമാരേയും ബിസിനസുകാരേയും അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്ത് യാത്രാനിയന്ത്രണങ്ങളും നടപ്പാക്കിയിരുന്നു.