World News
ട്രംപിന്റെ പിരിച്ചുവിടല്‍ യൂറോപ്പിലേക്കും; യു.എസ് കോണ്‍സുലേറ്റുകള്‍ അടച്ചുപൂട്ടി ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 07, 11:49 am
Friday, 7th March 2025, 5:19 pm

വാഷിങ്ടണ്‍: അമേരിക്കയിലെ ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ ഉത്തരവിട്ടതിന് പിന്നാലെ യൂറോപ്പിലെ യു.എസ് കോണ്‍സുലേറ്റുകള്‍ അടച്ചുപൂട്ടി ജീവനക്കാരെ പുറത്താക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതായി റിപ്പോര്‍ട്ട്.

വരും മാസങ്ങളില്‍ പ്രധാനമായും പടിഞ്ഞാറന്‍ യൂറോപ്പിലുള്ള നിരവധി കോണ്‍സുലേറ്റുകള്‍ അടച്ചുപൂട്ടാന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറെടുക്കുകയാണെന്നും അതുവഴി ആഗോളതലത്തില്‍ തങ്ങളുടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ട്രംപ് ഭരണകൂടം ശ്രമിക്കുകയാണെന്നും യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

മനുഷ്യാവകാശങ്ങള്‍, കുടിയേറ്റം, ഇന്റനാഷണല്‍ ക്രിമിനല്‍ ജസ്റ്റസ്, മനുഷ്യക്കടത്ത് എന്നീ മേഖലകളില്‍ വാഷിംഗ്ടണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിവിധ ബ്യൂറോകളെ ലയിപ്പിക്കുന്നതിനെക്കുറിച്ചും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആലോചിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ജര്‍മനിയിലെ ലീപ്‌സിഗ്, ഹാംബര്‍ഗ്, ഡസ്സല്‍ഡോര്‍ഫ്, ഫ്രാന്‍സിലെ ബോര്‍ഡോ, സ്ട്രാസ്ബര്‍ഗ്, ഇറ്റലിയിലെ ഫ്‌ലോറന്‍സ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകള്‍ അടച്ചുപൂട്ടാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പരിഗണിക്കുന്നതായി ചില ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തുര്‍ക്കിയിലെ തെക്കുകിഴക്കന്‍ നഗരമായ ഗാസിയാന്‍ടെപ്പിലെ ഓഫീസ് അടച്ചുപൂട്ടാന്‍ പദ്ധതിയിടുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കോണ്‍ഗ്രസിനെ അറിയിച്ചിരുന്നു. വടക്കന്‍ സിറിയയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ യു.എസ് ഏകോപിപ്പിച്ചിരുന്നത് ഈ ഓഫീസ് വഴിയായിരുന്നു.

ലോകമെമ്പാടുമുള്ള 270ലധികം നയതന്ത്ര ദൗത്യങ്ങളിലായി ഏകദേശം 70,000 ജീവനക്കാരാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനുള്ളത്. അതിനാല്‍ തന്നെ ഇവയുടെ പിന്‍വാങ്ങല്‍ വലിയ വിടവ് തന്നെ സൃഷടിക്കുമെന്നാണ് നയതന്ത്രഞ്ജരുടെ വിലയിരുത്തല്‍.

ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും ചേര്‍ന്ന് യു.എസ് ഫെഡറല്‍ വര്‍ക്ക്‌ഫോഴ്സിലുടനീളം ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ കുറച്ച് നാളുകളായി ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ പുതുതായി നിയമിച്ച ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഫെഡറല്‍ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയ ട്രംപിന്റെ ഉത്തരവ് യു.എസ് ഫെഡറല്‍ ജഡ്ജി താത്ക്കാലികമായി തടഞ്ഞിരുന്നു. കാലിഫോര്‍ണിയയിലെ ഫെഡറല്‍ ജഡ്ജിയാണ് ട്രംപിന് പ്രതികൂലമായ ഉത്തരവ് പുറപ്പെടുവിച്ചത്.

ഒരു വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ള പ്രൊബേഷണറി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളെ പിരിച്ചുവിടാന്‍ ഫെഡറല്‍ ഏജന്‍സികളോട് ഉത്തരവിടാന്‍ യു.എസ് ഓഫീസ് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റിന് അധികാരമില്ലെന്ന് പറഞ്ഞാണ് ജഡ്ജി ഉത്തരവ് സ്റ്റേ ചെയ്തത്.

Content Highlight: Trump’s dismissals extend to Europe; some of the US consulates to be closed and employees to be laid off