വാഷിങ്ടണ്‍: മെക്സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ഉത്പന്നങ്ങള്‍ക്ക് അധിക ഇറക്കുമതി തീരുവ ചുമത്താനുള്ള തീരുമാനം നീട്ടിവെച്ച് അമേരിക്ക. രണ്ട് ദിവസത്തിനുള്ളില്‍ രണ്ടാം തവണയാണ് അമേരിക്ക തങ്ങളുടെ വ്യാപാര പങ്കാളികളായ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി നികുതി പിന്‍വലിക്കുന്നത്.
നിലവില്‍ അടുത്ത മാസം രണ്ടാം തീയതിവരെ ഇറക്കുമതി തീരുവ ചുമത്തുന്നതില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ട്രംപിന്റെ ആദ്യ ടേമില്‍ ചര്‍ച്ച ചെയ്ത യു.എസ്.എ.സി.എ വ്യാപാര കരാറിന് കീഴിലുള്ള ഉത്പന്നങ്ങളാണ് ഇളവില്‍ ഉള്‍പ്പെടുന്നത്.
ഈ മാസം ആദ്യവാരത്തില്‍ തന്നെ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് യു.എസ് 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയിരുന്നു. പിന്നാലെയാണ് തീരുവയില്‍ ഇളവ് വരുത്തിയിരിക്കുന്നത്.
ബിസിനസുകള്‍ക്ക് അനിശ്ചിതത്വവും സാമ്പത്തികമായ ആശങ്കകളും സൃഷ്ടിച്ച നടപടികളാണ് ട്രംപിന്റെ അധിക തീരുവ ചുമത്തലെന്ന് നേരത്തെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ട്രംപിന്റെ തീരുവ ചുമത്തിയുള്ള പ്രഖ്യാപനവും പിന്നീടുള്ള മാറ്റവും അമേരിക്കന്‍ ഓഹരി വിപണിയെ വലിയ തോതില്‍ ബാധിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
അമേരിക്കയുടെ സാമ്പത്തിക സാഹചര്യങ്ങളെ ബാധിക്കുമെന്നും പണപ്പെരുപ്പം വര്‍ധിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ ആശങ്കകള്‍ പ്രകടിപ്പിച്ചതിനും പിന്നാലെയാണ് ട്രംപ് ഉത്തരവില്‍ മാറ്റം വരുത്തിയതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇളവ് വരുത്തുമെന്ന ട്രംപിന്റെ ആദ്യ പ്രഖ്യാപനത്തില്‍ മെക്സിക്കോയ്ക്ക് മാത്രം ഇളവ് നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ വ്യാഴാഴ്ച ഉച്ചയോടെ വന്ന ഉത്തരവില്‍ കാനഡയും ഉള്‍പ്പെടുത്തിയതായി പരാമര്‍ശിക്കുകയായിരുന്നു.
അധികാരത്തിലേറിയതിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് മേല്‍ വ്യാപകമായ തീരുവ ചുമത്തിയിരുന്നു. കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള മിക്ക ഇറക്കുമതികള്‍ക്കും 25% തീരുവയും ചുമത്തുന്നതും ചൈനീസ് ഉത്പ്പന്നങ്ങള്‍ക്കുള്ള തീരുവ 10% ല്‍ നിന്ന് 20% ആയി ഇരട്ടിയാക്കുകയും ചെയ്തിരുന്നു.
Content Highlight: Trump postpones imposition of additional tariffs on Canadian-Mexican products