ഫിഫ ലോകകപ്പ് ഫുട്ബോൾ ഖത്തർ എഡിഷനിൽ ലോക കിരീടം സ്വന്തമാക്കാൻ സാധിച്ചതോടെ ആഘോഷത്തിലാണ് അർജന്റൈൻ ടീമും ആരാധകരും.
ലോകകപ്പ് വിജയത്തോടെ വലിയ വരവേൽപ്പാണ് ബ്യൂണസ് ഐറിസിലും റൊസാരിയോ തെരുവിലും അർജന്റൈൻ ടീമിന് ലഭിച്ചത്.
ലോകകപ്പ് ആഘോഷങ്ങൾ അവസാനിപ്പിച്ച് താരങ്ങൾ അവരവരുടെ ടീമിലേക്ക് മടങ്ങിയെങ്കിലും ആരാധകർ ഇപ്പോഴും ആഘോഷത്തിലാണ്.
അർജന്റീനയുടെ ലോകകപ്പ് വിജയം പല ആരാധകരും പല രീതിയിലാണ് ആഘോഷിച്ചത്. അതിൽ സോഷ്യൽ മീഡിയ ഏറ്റെടുത്തതായിരുന്നു മൈക്ക് ജാംബ്സ് എന്ന ആരാധകന്റെ ആഘോഷം. സാക്ഷാൽ മെസിയുടെ പേര് മുഖത്ത് ടാറ്റൂ ചെയ്തായിരുന്നു ജാംബ്സ് അർജന്റൈൻ വിജയം ആഘോഷിച്ചത്.
അതിന്റെ വീഡിയോ ജാംബ്സ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത് വലിയ ആഘോഷത്തോടെയായിരുന്നു മെസി ആരാധകർ ഏറ്റെടുത്തത്.
എന്നാലിപ്പോൾ മെസിയുടെ പേര് മുഖത്ത് ടാറ്റൂ ചെയ്തതിൽ താൻ ഖേദിക്കുന്നുവെന്നാണ് മൈക്ക് ജാംബ്സ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്.
“ഈ ടാറ്റൂ ചെയ്തതിൽ ഞാനിപ്പോൾ ഖേദിക്കുന്നു. പോസറ്റീവ് ആയി ജീവിതത്തെ നേരിടാനാണ് ഞാൻ ഈ ടാറ്റൂ ചെയ്തത്. എന്നാലിപ്പോൾ എന്നെ ഒരുപാട് നെഗറ്റീവ് കാര്യങ്ങളാണ് പിന്തുടരുന്നത്.
എന്നെ മാത്രമല്ല എന്റെ കുടുംബത്തെയും ഈ ടാറ്റൂ നെഗറ്റീവായി ബാധിച്ചു. ഈ ടാറ്റൂ ചെയ്തപ്പോൾ കുറച്ച് ദിവസം എനിക്ക് എന്നോട് തന്നെ വലിയ അഭിമാനം തോന്നിയിരുന്നു. എന്നാലിപ്പോൾ ഇത് ചെയ്യണ്ടായിരുന്നു എന്നാണ് സത്യമായിട്ടും എനിക്ക് തോന്നുന്നത്,’ അദ്ദേഹം കുറിച്ചു.
കൊളംബിയൻ സ്വദേശിയായ മൈക്ക് ജാംബ്സ് അർജന്റീനയുടെയും മെസിയുടെയും വലിയ ഫാനാണ്.
അതേസമയം നീണ്ട 36 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ലോകകപ്പ് കിരീടം മെസിയും സംഘവും അർജന്റീനയുടെ മണ്ണിലേക്കെത്തിക്കുന്നത്.
ഒരു നീണ്ട കാലഘട്ടത്തിലെ കിരീട വരൾച്ചക്ക് ശേഷം തുടർച്ചയായി കോപ്പാഅമേരിക്ക, ഫൈനലിസിമ, ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കിയ മെസിക്ക് ഇതോടെ അദ്ദേഹത്തിന്റെ കരിയറിൽ ക്ലബ്ബ്, ഇന്റർനാഷണൽ തലത്തിൽ നിന്നും പ്രധാനപ്പെട്ട എല്ലാ മേജർ കിരീടങ്ങളും സ്വന്തമാക്കാൻ സാധിച്ചു.
Contnt Highlights:Troubled time with messi’s picture tattooed;said messi fan