Entertainment
തികഞ്ഞ പുച്ഛത്തോടെയാണ് എമ്പുരാന്‍ വിവാദത്തെ കാണുന്നത്, അത് ആരുണ്ടാക്കിയാലും ശരി: വിജയരാഘവന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 07, 06:59 am
Monday, 7th April 2025, 12:29 pm

എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി നടന്‍ വിജയരാഘവന്‍. എമ്പുരാന്‍ വിവാദത്തെ എങ്ങനെയാണ് കാണുന്നതെന്ന ചോദ്യത്തിന് തികഞ്ഞ പുച്ഛത്തോടെയാണ് കാണുന്നതെന്നും അത് ആരുണ്ടാക്കിയാലും അതാണ് തന്റെ നിലപാടെന്നും വിജയരാഘവന്‍ പറഞ്ഞു.

ഒരു സംഗതി പ്രൊപ്പഗണ്ടയാണെന്ന് മനസിലായിക്കഴിഞ്ഞാല്‍ അതുകൊണ്ട് പിന്നെ കാര്യമില്ലെന്നും അവരറിയാതെ അത് അവരിലേക്ക് എത്തിക്കുകയായിരുന്നു വേണ്ടതെന്നും വിജയരാഘവന്‍ പറയുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കേരളയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രൊപ്പഗണ്ടയെ ആളുകള്‍ ഒരിക്കലും ആക്‌സെപ്റ്റ് ചെയ്യില്ല. ഈ സിനിമയിലൊക്കെ പ്രൊപ്പഗണ്ട ഫീല്‍ ചെയ്യുന്നതുകൊണ്ടാണ് ആള്‍ക്കാര്‍ അതിനെതിരെയൊക്കെ വരുന്നത്.

ഇന്ന കാര്യത്തെ പ്രൊപ്പഗേറ്റ് ചെയ്യാന്‍ വേണ്ടിയിട്ടാണ് ഇത് എന്ന് പറയുന്നതുകൊണ്ടല്ലേ മറ്റവന്‍ അല്ല, ഇതിനെ പ്രൊപ്പഗേറ്റ് ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞു വരുന്നത്.

പ്രൊപ്പഗണ്ട ഒരിക്കലും ഒരു കലയ്ക്ക് പറ്റുന്ന സാധനമായി തോന്നുന്നില്ല. ദി ലീസ്റ്റ് പ്രൊപ്പഗണ്ട ഈസ് ദി ബെസ്റ്റ് പ്രൊപ്പഗണ്ട എന്നാണ്. അവര്‍ അറിയാതെ അവരിലേക്ക് എത്തിക്കണം. അങ്ങനെയാണ് വേണ്ടത്.

വലിയ പ്രാസംഗികരെ കണ്ടിട്ടില്ലേ. അവര്‍ ഇസത്തെ കുറിച്ചൊന്നും സംസാരിക്കില്ല. എന്നാല്‍ അത് അറിയാത്ത രീതിയില്‍ അതിനകത്ത് ഉണ്ടാകും. അതാണ് സിനിമയിലും നാടകത്തിലും വേണ്ടത്.

അച്ഛന്റെ നാടകങ്ങളിലൊക്കെയുള്ള വിമര്‍ശനങ്ങള്‍ വലുതായിരുന്നു. ഇന്നായിരുന്നു അതെങ്കില്‍ അയ്യോ ഇങ്ങനെ പറഞ്ഞോ എന്ന് തോന്നും. അത് വിമര്‍ശിക്കുന്ന രീതിയാണ്. കുഞ്ചന്‍നമ്പ്യാരുടെ രീതി എന്തായിരുന്നു. രാജാവിനെ വരെ വിമര്‍ശിച്ചില്ലേ. അത് വിമര്‍ശനമായി തന്നെ തോന്നില്ല,’ വിജയരാഘവന്‍ പറഞ്ഞു.

എമ്പുരാന്‍ പ്രൊപ്പഗണ്ട ആണെന്ന വിവാദത്തെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് സിനിമ താന്‍ കണ്ടിട്ടില്ലെന്നും കണ്ടന്റ് എന്താണെന്ന് അറിയില്ലെന്നുമായിരുന്നു വിജയരാഘവന്റെ മറുപടി.

‘ ഞാന്‍ എമ്പുരാനെ പറ്റിയല്ല പറയുന്നത്. ഏതൊരു കാര്യമാണോ നമ്മള്‍ ഒരു പ്രൊപ്പഗണ്ടയായി ഉപയോഗിക്കുന്നത് അത് പ്രൊപ്പഗണ്ട എന്ന് തോന്നിയാല്‍ നമ്മള്‍ വിചാരിക്കുന്ന ആ കാര്യം നടക്കില്ല.

അത് അവര്‍ പറയുന്നതായിട്ടല്ലേ തോന്നുള്ളൂ. ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി പറയുന്നു എന്നല്ലേ തോന്നൂ. അതുകൊണ്ട് ആരില്ലെങ്കിലും മാറ്റം വരുമോ. അത് കണ്ടാല്‍ വല്ല മാറ്റവും ആര്‍ക്കെങ്കിലും വരുമോ വരില്ല. അതുകൊണ്ട് കൂടുതല്‍ കോംപ്ലിക്കേഷന്‍ ഉണ്ടാക്കാനേ പറ്റുള്ളൂ. നന്മയുണ്ടാക്കാന്‍ പറ്റില്ല,’ വിജയരാഘവന്‍ പറഞ്ഞു.

ഈ വിവാദത്തെ എങ്ങനെയാണ് കാണുന്നത് എന്ന ചോദ്യത്തിന് പുച്ഛത്തോടെയാണ് കാണുന്നതെന്നായിരുന്നു വിജയരാഘവന്റെ മറുപടി.

‘തികഞ്ഞ പുച്ഛത്തോടെയാണ് ഈ വിവാദത്തെ കാണുന്നത്. അത് ആരുണ്ടാക്കിയാലും ശരി. എന്തിനാണ് ഈ വിവാദം. സിനിമ എഡിറ്റ് ചെയ്തത് ആരുടേയും നര്‍ബന്ധം കാരണം അല്ലെന്ന് പറയുന്നു. ആരും പറഞ്ഞിട്ടല്ല ചെയ്യുന്നതെന്ന് പറയുന്നു. അതൊന്നും പറയേണ്ട കാര്യമായിട്ടേ തോന്നുന്നില്ല

എമ്പുരാനുമായി ബന്ധപ്പെട്ട് നിങ്ങള്‍ പോലും കേള്‍ക്കാത്ത വേര്‍ഷന്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്. ഓരോരുത്തര്‍ക്കും എങ്ങനെ വേണമെങ്കിലും ഫാബ്രിക്കേറ്റ് ചെയ്ത് പറയാം. ആത്യന്തികമായി മനുഷ്യന് എന്തെങ്കിലും ഗുണം വേണ്ടേ?’ വിജയരാഘവന്‍ ചോദിച്ചു.

Content Highlight: Actor Vijayaraghavan about Empuraan Controversy