Advertisement
national news
'പാര്‍ട്ടിയുടെ അചഞ്ചലമായ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തി' എം.എ. ബേബിക്ക് അഭിവാദ്യങ്ങളറിയിച്ച് കമല്‍ ഹാസന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 07, 07:59 am
Monday, 7th April 2025, 1:29 pm

ചെന്നൈ: സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി തെരഞ്ഞെടുക്കപ്പെട്ട എം.എ. ബേബിക്ക് അഭിവാദ്യങ്ങള്‍ അറിയിച്ച് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍. ഹൃദയം നിറഞ്ഞ ആശംസകള്‍ അറിയിച്ചാണ് കമല്‍ ഹാസന്‍ എം.എ. ബേബിക്ക് അഭിവാദ്യങ്ങള്‍ അറിയിച്ചത്.

‘പാര്‍ട്ടിയുടെ സമത്വത്തിന്റെയും നീതിയുടെയും അചഞ്ചലമായ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന എം.എ. ബേബിയുടെ നേതൃത്വം ജ്ഞാനത്താലും ദൃഢനിശ്ചയത്താലും അടയാളപ്പെടുത്തപ്പെടട്ടെ,’ കമല്‍ ഹാസന്‍ പറഞ്ഞു.

മുന്നോട്ടുള്ള പോരാട്ടത്തില്‍ സഖാവിന് ഐക്യദാര്‍ഢ്യം അറിയിക്കുന്നുവെന്നും കമല്‍ കുറിച്ചു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിലാണ് കമലിന്റെ പരാമര്‍ശം.

ഇന്നലെ (ഞായര്‍)യാണ് എം.എ. ബേബിയെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറിയാക്കാനുള്ള ശുപാര്‍ശ പോളിറ്റ് ബ്യൂറോ അംഗീകരിച്ചത്. പ്രകാശ് കാരാട്ടാണ് ജനറല്‍ സെക്രട്ടറിയായി എം. എ. ബേബിയുടെ പേര് കേന്ദ്ര കമ്മിറ്റിയില്‍ നിര്‍ദേശിച്ചത്.

ഇ.എം.എസിനുശേഷം സി.പി.ഐ.എമ്മിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാകുന്ന മലയാളിയാണ് എം.എ. ബേബി. പാര്‍ട്ടിയുടെ സാംസ്‌കാരിക ദാര്‍ശനിക മുഖമാണ് എം. എ. ബേബി.

കൊല്ലം എസ്.എന്‍ കൊളജില്‍ നിന്ന് തുടങ്ങിയ സംഘടനാ പ്രവര്‍ത്തനം ഇന്ന് അദ്ദേഹത്തെ ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അമരക്കാരന്‍ ആക്കിയിരിക്കുകയാണ്. സീതാറാം യെച്ചൂരിയുടെ പിന്‍ഗാമിയായിട്ടാണ് എം.എ. ബേബി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.

1954 ഏപ്രില്‍ അഞ്ചിന് കൊല്ലം പ്രാക്കുളത്ത് അധ്യാപകനായിരുന്ന കുന്നത്ത് പി.എം. അലക്സാണ്ടറുടേയും ലില്ലിയുടെയും എട്ടുമക്കളില്‍ ഏറ്റവും ഇളയവനായായിരുന്നു എം.എ. ബേബിയുടെ ജനനം. പ്രാക്കുളം എന്‍.എസ്.എസ് ഹൈസ്‌ക്കൂളിലും കൊല്ലം എസ്.എന്‍. കോളജിലുമായിരുന്നു അദ്ദേഹത്തിന്റെ പഠിച്ചത്.

1986ല്‍ 32-ാം വയസില്‍ രാജ്യസഭാംഗമായ എം.എ. ബേബി 1992-1998 കാലയളവിലും രാജ്യസഭാംഗമായിരുന്നു. 1987ല്‍ ഡി.ഐ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റായി.

1989ല്‍ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും 1992ല്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവുമായി. 2002ല്‍ സി.പി.ഐ.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായ എം. എ. ബേബി 2006ലും 2011ലും കുണ്ടറയില്‍ നിന്നും നിയമസഭാംഗമായി.

2012 മുതല്‍ എം.എ. ബേബി പി.ബിയിലുണ്ട്. സംസ്‌കാരിക നായകന്മാരെ പാര്‍ട്ടിയോട് അടുപ്പിക്കുന്നതില്‍ നിര്‍ണായകസ്ഥാനം വഹിച്ചിട്ടുള്ള എം.എ. ബേബി മാനവീയം പരിപാടിയുടെ മുഖ്യസംഘാടകനുമായിരുന്നു.

സ്വരലയ എന്ന കലാസാംസ്‌കാരിക സംഘടന രൂപവല്‍ക്കരിക്കുന്നതില്‍ മുന്‍കൈയെടുത്ത എം.എ. ബേബി തന്നെയാണ് കൊച്ചി മുസിരിസ് ബിനാലെ യാഥാര്‍ത്ഥ്യമാക്കുന്നതിന് പിന്നിലും പ്രധാന ഇടപെടലുകള്‍ നടത്തിയത്.

Content Highlight: Kamal Haasan congratulates M.A. Baby