'കെന്റകി ഫ്രൈഡ് ചക്ക'; അയോധ്യയിൽ വെജ് വിളമ്പുന്ന കെ.എഫ്.സിയെ ആഘോഷമാക്കി ട്രോളന്മാർ
Kerala News
'കെന്റകി ഫ്രൈഡ് ചക്ക'; അയോധ്യയിൽ വെജ് വിളമ്പുന്ന കെ.എഫ്.സിയെ ആഘോഷമാക്കി ട്രോളന്മാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th February 2024, 4:41 pm

ലഖ്‌നൗ: വെജിറ്റേറിയൻ ഭക്ഷണം മാത്രം വിളമ്പുമെങ്കിൽ അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപം കെ.എഫ്.സി അനുവദിക്കാമെന്ന് അധികൃതർ അറിയിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ ട്രോളന്മാരും സജീവമായിരിക്കുകയാണ്.

കെന്റകി ഫ്രൈഡ് ചിക്കൻ എന്ന കെ.എഫ്.സിക്ക് പുതിയ പേരുകൾ നിർദേശിക്കുന്ന തിരക്കിലാണ് എല്ലാവരും.

‘അതേസമയം അയോധ്യയിൽ’ എന്ന അടിക്കുറിപ്പോടെ ഇന്റർനാഷണൽ ചളു യൂണിയൻ പങ്കുവെച്ച കെ.എഫ്.സി ഔട്ട്‌ലെറ്റിന്റെ ഫോട്ടോയിൽ ‘കറുമുറ ഫ്രൈഡ് ചക്ക, അയോധ്യ’ എന്നെഴുതിയത് കാണാം.

credit: Bannedbyzucc

കമ്പനി ലാഭത്തിലായതിന്റെ ചെലവ് നൽകാൻ മുതലാളി എല്ലാവരോടും നാളെ കെ.എഫ്.സിയിൽ കൂടാമെന്ന് പറയുന്നതും പിറ്റേന്ന് കയ്യിൽ മുളകുമായി അയോധ്യയിലെ കെ.എഫ്.സി ഔട്ട്‌ലെറ്റിൽ ജീവനക്കാർ ഇരിക്കുന്നതുമാണ് ഈ പേജിലെ തന്നെ മറ്റൊരു ട്രോൾ.

Credit: Sajhu Mathew

അയോധ്യയിലെ കെ.എഫ്.സിയിൽ എത്തിയ കസ്റ്റമർ ഫ്രൈഡ് ചിക്കന് പകരം കോളിഫ്ലവർ വറുത്തതും മയോണൈസിന് പകരം കട്ട തൈരും കഴിക്കേണ്ടി വരുന്നതും ആപ്പി ഫിസാണെന്ന് കരുതി ഗോമൂത്രം കുടിക്കുന്നതുമാണ് ട്രോൾ റിപ്പബ്ലിക് പേജിൽ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

Credit: Vipin Vijayan Kavilkadavil

ട്രോൾ സംഘ് – സംഘി ഫലിതങ്ങൾ എന്ന പേജിൽ അയോധ്യയിൽ തുടങ്ങാൻ പോകുന്ന കടകൾ എന്ന് പറഞ്ഞ് ലോഗോകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്.

കേണൽ ഹാർലാൻഡ് ഡേവിഡ് സാൻഡേർഡ്സിന്റെ കാരിക്കേച്ചർ ഉൾപ്പെടുന്ന കെ.എഫ്.സിയുടെ ലോഗോയിൽ ചുവന്ന നിറത്തിന് പകരം കാവി നിറമാണുള്ളത്. സാൻഡേർഡ്സിന് ഒരു കുറിയും വരച്ചിട്ടുണ്ട്.

മക്ഡൊണാൾഡ്‌സിന്റെ ലോഗോയിലും ഒരു കുറി കാണാം. സ്റ്റാർബക്സ് കോഫിയുടെ ലോഗോയിലും കാവി നിറം ഇടംപിടിച്ചിട്ടുണ്ട്.

അഡിഡാസിന് പകരം കാവി നിറത്തിലുള്ള ‘രാംദാസും’ പ്യൂമയ്ക്ക് പകരം കാവി നിറത്തിലുള്ള ‘രാമ’യുമാണ് ഈ പോസ്റ്ററിൽ ഉള്ളത്.

Credit: Salman Ibnu Saheer

ട്രോൾ സംഘിലെ മറ്റൊരു ട്രോൾ സി.ഐ.ഡി മൂസയിൽ വെടിവെക്കില്ലെങ്കിൽ പിന്നെന്തിനാണ് തോക്ക് എന്ന് ദിലീപ് വിജയരാഘവനോട്‌ ചോദിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഉണ്ടാക്കിയതാണ്.

കെ.എഫ്.സി മറ്റ് സ്ഥലങ്ങളിൽ സാധാരണ ബക്കറ്റ് ചിക്കൻ വിളമ്പുമ്പോൾ അയോധ്യയിൽ സവർക്കറുടെതിന് സമാനമായ ലോഗോയോട് കൂടി ബക്കറ്റ് ചാണക ഫ്രൈയും ഗോമൂത്രവും വിളമ്പുന്നത് കാണിക്കുന്നു.

Credit: Arathy Ajayan

ഡൂൾന്യൂസിന്റെ ഇൻസ്റ്റഗ്രാം പേജിലും വളരെ രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

View this post on Instagram

A post shared by DoolNews (@thedoolnews)

ഇത് ചരിത്രം, കെ.എഫ്.സിയിൽ ഉപ്പേരി, പുളിശ്ശേരി, തോരൻ എന്നായിരുന്നു ഉനൈസ് എന്ന അക്കൗണ്ടിൽ നിന്ന് വന്ന കമന്റ്.

കെന്റകി ഫ്രൈഡ് ആലു, കെന്റകി ഫ്രൈഡ് ചക്ക, കെന്റകി ഫ്രൈഡ് ചാണകം, കെന്റകി ഫ്രൈഡ് കുക്കുമ്പർ തുടങ്ങിയ പേരുകൾ നിരവധി പേർ നിർദേശിക്കുന്നു.

എന്നാ പിന്നെ കെ.എഫ്.സിയോട് ചാണകം ഉണക്കിപ്പൊടിച്ചു ചിപ്സ് പരുവത്തിൽ ആക്കി വിൽക്കാൻ പറ എന്നാണ് അജി രാമപുരം എന്നയാൾ കമന്റ് ചെയ്തത്.

സി.ഐ.ഡി മൂസയിലെ തോക്ക് തരാം പക്ഷേ വെടി വെക്കരുത് എന്ന് ഡയലോഗും നിരവധി പേർ കമന്റ് രേഖപ്പെടുത്തി.

സോയാബീൻ ഫ്രൈ കൊടുത്താൽ മതി, ചിക്കൻ ആണെന്ന് കരുതി തിന്നോളുമെന്നായിരുന്നു ദി 4th മാൻ എന്ന അക്കൗണ്ടിൽ നിന്ന് വന്ന മറ്റൊരു കമന്റ്.

കെ.എഫ്.വി എന്നായിരിക്കും ഇനി മുതൽ അറിയപ്പെടുന്നത് എന്നും ഗോപി 65, ഫ്രഞ്ച് ഫ്രൈസ്, ഒണിയൻ പക്കോറ, പാനി പൂരി തുടങ്ങിയവ വിളമ്പുമെന്നും കമന്റുകളുണ്ട്.

Content Highlight: Troll pages on News about giving permission to KFC in Ayodhya if serve Veg only food