ബാബുവിന്റെ ജീവിതം സിനിമയാവുന്നു; മൗണ്ടേയ്ന്‍ ഖിലാഡി; എയറിലായി അക്ഷയ് കുമാര്‍
Film News
ബാബുവിന്റെ ജീവിതം സിനിമയാവുന്നു; മൗണ്ടേയ്ന്‍ ഖിലാഡി; എയറിലായി അക്ഷയ് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 9th February 2022, 5:11 pm

മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ സൈന്യം രക്ഷിച്ച് മുകളിലെത്തിച്ചതോടെ കേരളം മുഴുവനും ആശ്വസിക്കുകയാണ്.
രണ്ട് സൈനികരുടെ സാഹസികമായ ശ്രമമാണ് ബാബുവിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.

മലമുകളില്‍ നിന്നും ബാബു രക്ഷപ്പെട്ടതോടെ ഇപ്പോള്‍ കെണിയിലായിരിക്കുന്നത് അക്ഷയ് കുമാറാണ്. യഥാര്‍ത്ഥ സംഭവങ്ങള്‍ സിനിമയാക്കുമ്പോള്‍ അതില്‍ സ്ഥിരം നായകനാകുന്ന അക്ഷയ് കുമാറിനെ ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ബാബുവിന്റെ ജീവിതം സിനിമ ആക്കുകയാണെന്നും അതില്‍ അക്ഷയ് കുമാര്‍ നായകനാകുന്നതുമാണ് ട്രോളുകളുടെയെല്ലാം അടിസ്ഥാന ആശയം.

എയര്‍ലിഫ്റ്റ്, റസ്തം, പാഡ്മാന്‍, ഗോള്‍ഡ്, കേസരി, സ്‌പെഷ്യല്‍ 26, ബേബി, ടോയ്‌ലറ്റ്, മിഷന്‍ മംഗള്‍ എന്നിങ്ങനെ നിരവധി ബയോപിക്കുകളിലാണ് അക്ഷയ് നായകനായിട്ടുള്ളത്. അതിനാല്‍ തന്നെ ബയോപിക് ഖിലാഡി എന്നൊരു വിളിപ്പേരും ബോളിവുഡില്‍ അക്ഷയ് കുമാറിനുണ്ട്.

അന്ന ബെന്നും ചില ട്രോളുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അന്ന ബെന്‍ നായികയായ ഹെലനില്‍ കോള്‍ഡ് സ്‌റ്റോറേജില്‍ കുടുങ്ങി പോകുന്ന പെണ്‍കുട്ടിയെ ആയിരുന്നു അവതരിപ്പിച്ചിരുന്നത്.

അതേ സമയം മലമുകളില്‍ നിന്നും രക്ഷപ്പെടുത്തിയ ബാബുവിനെ കഞ്ചിക്കോട് ഹെലിപാഡിലെത്തിച്ചതിന് ശേഷം ഇവിടെ നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാബു സംസാരിക്കുന്നുണ്ടെന്നും വലിയ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മകനെ രക്ഷിക്കാനായി എത്തിയ എല്ലാവരോടും നന്ദി പറയുകയാണെന്നും നാട്ടുകാരോടും സൈന്യത്തോടും പൊലീസിനോടും നന്ദി അറിയിക്കുകയാണെന്നും ബാബുവിന്റെ ഉമ്മ പ്രതികരിച്ചു.

തിങ്കളാഴ്ച രാവിലെയാണ് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ബാബു കൂറുമ്പാച്ചി മല കയറിയത്. മല കയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ ഇടയ്ക്കുവച്ച് വിശ്രമിച്ചെങ്കിലും ബാബു കുറച്ചുകൂടി ഉയരത്തില്‍ കയറി. അവിടെനിന്നു കൂട്ടുകാരുടെ അടുത്തേക്കു വരുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു.

കയ്യിലുണ്ടായിരുന്ന മൊബൈലില്‍ നിന്നും താന്‍ കടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോയെടുത്ത് ബാബു സുഹൃത്തുക്കള്‍ക്കും പൊലീസിനും അയച്ചു. തുടര്‍ന്ന് പൊലീസും രക്ഷാപ്രവര്‍ത്തകരും ഡ്രോണ്‍ ഉപയോഗിച്ചു നടത്തിയ നിരീക്ഷണത്തില്‍ ബാബു കുടുങ്ങിയ അപകടസ്ഥലം കണ്ടെത്തുകയായിരുന്നു.


Content Highlight: troll against akshay kumar regarding the rescue of babu