IPL
ഒരൊറ്റ ഫോര്‍ഫര്‍; ലോര്‍ഡ് താക്കൂര്‍ എറിഞ്ഞിട്ടത് ഇരട്ട റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
4 days ago
Friday, 28th March 2025, 10:54 am

ഐ.പി.എല്‍ 2025ല്‍ ആദ്യ വിജയവുമായി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ അവരുടെ തട്ടകത്തിലെത്തി പരാജയപ്പെടുത്തിയാണ് ലഖ്നൗ പോയിന്റ് ടേബിളില്‍ അക്കൗണ്ട് തുറന്നത്.

സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 192 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സൂപ്പര്‍ ജയന്റ്സ് മറികടക്കുകയായിരുന്നു. ഷര്‍ദുല്‍ താക്കൂറിന്റെ ഫോര്‍ഫറും നിക്കോളാസ് പൂരന്‍, മിച്ചല്‍ മാര്‍ഷ് എന്നിവരുടെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറികളുമാണ് ലഖ്നൗവിന് വിജയം സമ്മാനിച്ചത്.

ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് നേടിയിരുന്നു. സൂപ്പര്‍ താരം ട്രാവിസ് ഹെഡ്, അനികേത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരുടെ പ്രകടനമാണ് ഓറഞ്ച് ആര്‍മിക്ക് മോശമല്ലാത്ത ടോട്ടല്‍ സമ്മാനിച്ചത്.

നാല് വിക്കറ്റുമായി തിളങ്ങിയ ഷര്‍ദുല്‍ താക്കൂറാണ് സണ്‍റൈസേഴ്സിനെ വമ്പന്‍ സ്‌കോറിലേക്ക് കടക്കാതെ തളച്ചിട്ടത്. നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങിയാണ് താരം നാല് വിക്കറ്റ് നേടിയത്.

സൂപ്പര്‍ താരം അഭിഷേക് ശര്‍മ, കഴിഞ്ഞ മത്സരത്തിലെ സെഞ്ചൂറിയന്‍ ഇഷാന്‍ കിഷന്‍, അഭിനവ് മനോഹര്‍, മുഹമ്മദ് ഷമി എന്നിവരെയാണ് താരം മടക്കിയത്.

ഈ പ്രകടനത്തോടെ ഷര്‍ദുല്‍ താക്കൂര്‍ ഇരട്ട നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ 100 വിക്കറ്റും
ട്വന്റി ട്വന്റിയില്‍ ഇന്ത്യയില്‍ 150 വിക്കറ്റുകള്‍ എന്നീ നേട്ടങ്ങളാണ് ഹൈദരാബാദിനെതിരെയുള്ള ഫോര്‍ഫര്‍ താരത്തിന് നേടി കൊടുത്തത്.

തന്റെ 97ാം മത്സരത്തിലാണ് ഷര്‍ദുല്‍ ഐ.പി.എല്ലില്‍ 100 വിക്കറ്റെന്ന നേട്ടത്തിലെത്തിയത്. ടൂര്‍ണമെന്റില്‍ താരത്തിന് 29.22 ശരാശരിയും 9.21 എക്കോണമിയുമാണുള്ളത്. രണ്ട് ഫോര്‍ഫര്‍ പ്രകടനമാണ് ഐ.പി.എല്ലില്‍ താക്കൂറിനുള്ളത്.

മത്സരത്തില്‍ ആദ്യ മൂന്ന് വിക്കറ്റ് നേടിയതിന് പിന്നാലെ ടി – 20 ഫോര്‍മാറ്റില്‍ ഇന്ത്യയില്‍ 150 വിക്കറ്റുകളും തികച്ചിരുന്നു താക്കൂര്‍. ഈ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ പേസര്‍ 191 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. അതില്‍ 151വിക്കറ്റും ഇന്ത്യയിലാണ് നേടിയത്.

സണ്‍ റൈസേഴ്‌സിനെതിരെ നാല് വിക്കറ്റിന് 34 റണ്‍സ് വിട്ടുകൊടുത്ത പ്രകടനത്തോടെ താരത്തിന് തന്റെ ഐ.പി.എല്‍ കരിയറിലെ മികച്ച ബൗളിങ് ഫിഗറും കുറിക്കാനായി. 11 ഡോട്ട് ബോളുകളാണ് താരം സണ്‍ റൈസേഴ്‌സിനെതിരെ എറിഞ്ഞത്. 2022ല്‍ ദല്‍ഹി ക്യാപിറ്റല്‍സിനെതിരെ നാല് വിക്കറ്റിന് 36 റണ്‍സ് എടുത്തതായിരുന്നു ഇതിന് മുമ്പത്തെ താരത്തിന്റെ ഐ.പി.എല്ലിലെ മികച്ച പ്രകടനം.

നിലവില്‍ ഈ സീസണിലെ പര്‍പ്പിള്‍ ക്യാപ് ഷര്‍ദുലിന്റെ പേരിലാണുള്ളത്. രണ്ട് മത്സരങ്ങളില്‍ നിന്നായി 8.83 എക്കോണമിയില്‍ ആറ് വിക്കറ്റുകളാണ് താരം നേടിയത്.

content highlights: IPL 2025: SRH vs LSG-Shardul Thakur holds the record of taking 100 wickets in IPL and 150 wickets in India in Twenty20