ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്: സി.പി.ഐ.എം പിന്തുണയോടെ മത്സരിച്ച സീറ്റില്‍ കോണ്‍ഗ്രസിനു തിരിച്ചടി; മഹുവ മോയിത്രയുടെ സീറ്റ് നിലനിര്‍ത്താന്‍ തൃണമൂല്‍
bypoll
ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്: സി.പി.ഐ.എം പിന്തുണയോടെ മത്സരിച്ച സീറ്റില്‍ കോണ്‍ഗ്രസിനു തിരിച്ചടി; മഹുവ മോയിത്രയുടെ സീറ്റ് നിലനിര്‍ത്താന്‍ തൃണമൂല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th November 2019, 11:24 am

കൊല്‍ക്കത്ത: ബംഗാളില്‍ കോണ്‍ഗ്രസ് സി.പി.ഐ.എം പിന്തുണയോടെ മത്സരിച്ച കാളിയഗഞ്ച് നിയമസഭാ മണ്ഡലത്തില്‍ കനത്ത തിരിച്ചടി. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ മണ്ഡലത്തില്‍ ഏഴ് റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് 3204 വോട്ടിനാണു മുന്നില്‍നില്‍ക്കുന്നത്.

ബംഗാളിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളിലും ഉത്തരാഖണ്ഡിലെ ഒരു നിയമസഭാ മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 25-നായിരുന്നു വോട്ടെടുപ്പ് നടന്നത്.

അതേസമയം കോണ്‍ഗ്രസ്-സി.പി.ഐ.എം സഖ്യം മത്സരിച്ച ഖരഗ്പുര്‍ സദര്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 11,733 വോട്ടുകള്‍ക്കു ബഹുദൂരം മുന്നിലാണ്. ബി.ജെ.പിയുടെ സംസ്ഥാനാധ്യക്ഷന്‍ ദിലീപ് ഘോഷ് കഴിഞ്ഞതവണ മത്സരിച്ച സീറ്റാണിത്. ഇത്തവണ ബി.ജെ.പിക്കു വേണ്ടി പ്രേംചന്ദ്ര ഝായാണു മത്സരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം കഴിഞ്ഞതവണ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയിത്ര വിജയിച്ച കരിംപുര്‍ മണ്ഡലം തൃണമൂല്‍ തന്നെ തിരിച്ചുപിടിക്കാന്‍ ഒരുങ്ങുകയാണ്. മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ത്തന്നെ 23,586 വോട്ടുകള്‍ക്കാണ് അവര്‍ മുന്നില്‍ നില്‍ക്കുന്നത്.

ഉത്തരാഖണ്ഡില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഏക മണ്ഡലമായ പിത്തോര്‍ഗഢില്‍ ബി.ജെ.പിയുടെ ചന്ദ്ര പന്താണ് ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണിത്.

സമാജ്വാദി പാര്‍ട്ടിയും ഇത്തവണ ഇവിടെ മത്സരിക്കുന്നുണ്ടെന്ന പ്രത്യേകതയുണ്ട്. മൂന്നുവട്ടം എം.എല്‍.എയായ ബി.ജെ.പി മുന്‍ മന്ത്രി പ്രകാശ് പന്തിന്റെ മരണമാണ് ഉപതെരഞ്ഞെടുപ്പിലേക്കു കാര്യങ്ങളെത്തിച്ചത്.