തന്റെ പ്രൊഫഷണല്‍ കരിയറിലെ സിംഹഭാഗവും സ്‌പെയിനില്‍ ചെലവഴിച്ചയാളാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയിലെ മെസിയുടെ മികച്ച പ്രകടനമാണ് അദ്ദേഹത്തെ ലോകത്തെ മികച്ച ഫുട്‌ബോളറിലൊരാളാക്കിയത്.
ഇപ്പോഴിതാ നിരവധി അവസരങ്ങളില്‍ സ്‌പെയ്‌നിനായി ലയണല്‍ മെസിയെ കളിപ്പിക്കാന്‍ താന്‍ ശ്രമിച്ചിരുന്നെന്ന് പറയുകയാണ് മുന്‍ സ്പാനിഷ് കോച്ച് വിസെന്റെ ഡെല്‍ ബോസ്‌ക്. 2010ല്‍ സ്‌പെയ്ന്‍ ലോക ചമ്പ്യന്മാരായപ്പോള്‍ ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു വിസെന്റെ ഡെല്‍ ബോസ്‌ക്.
സ്പാനിഷ് മാധ്യമമായ റേഡിയോ മാര്‍ക്കക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡെല്‍ ബോസ്‌ക് ഇക്കാര്യം പറഞ്ഞത്.
‘മെസിയെ സ്പെയ്‌നിനായി കളിപ്പിക്കാന്‍ ഞാന്‍ എല്ലാ ശ്രമങ്ങളും നടത്തി. പക്ഷേ തന്റെ രാജ്യത്തോടുള്ള സ്‌നേഹം കാരണം ലയണല്‍ നിരസിച്ചു,’ ഡെല്‍ ബോസ്‌ക് പറഞ്ഞു. താന്‍ കണ്ടതില്‍വെച്ച് എക്കാലത്തെയും മികച്ച കളിക്കാരനാണ് മെസിയെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും മികച്ച കളിക്കാരന്‍ മെസിയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും മെസിയേയും ചേര്‍ത്തുവെച്ച് മികച്ചതാരാണെന്നുള്ള സംവാദം നടക്കുന്നുണ്ട്. ഞാന്‍ തെരഞ്ഞെടുക്കുക മെസിയെ ആയിരിക്കും. ഒരു കളിക്കാരനെന്ന നിലയില്‍ മെസിയുടെ സ്ഥിരതയും നിലവാരവും ശ്രദ്ധേയമാണ്,’ ഡെല്‍ ബോസ്‌ക് പറഞ്ഞു.
Vicente del Bosque: “I tried everything to get Messi to play for Spain… However, Leo refused because of the love he has for Argentina.” pic.twitter.com/XLLECeqXqV
1978നും 1986നും ശേഷം നീണ്ട 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് കിരീടം സ്വന്തമാക്കിയ അര്‍ജന്റൈന്‍ ടീം മെസിയുടെ തോളിലേറിയാണ് 2022ലെ ലോകകപ്പില്‍ മുത്തമിട്ടത്. ഇതോടെ മെസിയുടെ കരിയര്‍ സമ്പൂര്‍ണമായി. ക്ലബ്ബ്, ഇന്റര്‍നാഷണല്‍ കരിയറിലെ പ്രധാനപ്പെട്ട ടൈറ്റിലുകളെല്ലാം മെസി സ്വന്തം പേരിലാക്കി.
ഖത്തര്‍ ലോകകപ്പില്‍ നിന്നും ഏഴ് ഗോളുകളും അഞ്ച് അസിസ്റ്റുകളും അടക്കം സ്വന്തമാക്കി മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരത്തിനും മെസി അര്‍ഹനായി. രണ്ട് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരങ്ങള്‍ നേടുന്ന ഏക താരവും മെസിയാണ്.