കൊടുങ്കാറ്റായി സഞ്ജുവിന്റെ വജ്രായുധം; 2024ല്‍ ഇവന്‍ നേടിയത് ചരിത്രം!
Sports News
കൊടുങ്കാറ്റായി സഞ്ജുവിന്റെ വജ്രായുധം; 2024ല്‍ ഇവന്‍ നേടിയത് ചരിത്രം!
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th May 2024, 8:46 am

ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തിലെ രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന് തോല്‍വി. 36 റണ്‍സിനാണ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തിയത്. ടോസ് നേടിയ രാജസ്ഥാന്‍ ഹൈദരാബാദിനെ ആദ്യം ബാറ്റിങ്ങിന് അയച്ചപ്പോള്‍ നിശ്ചിത ഓവറില്‍ 175 റണ്‍സ് ആണ് ടീം നേടിയത്.

എന്നാല്‍ മറുപടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ രാജസ്ഥാന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ധ്രുവ് ജുറേല്‍ നേടിയ അര്‍ധ സെഞ്ച്വറിയും മികവ് മാത്രമായിരുന്നു രാജസ്ഥാന് തുണയായി ഉണ്ടായത്. 35 പന്തില്‍ നിന്ന് 7 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 56 റണ്‍സാണ് താരം അടിച്ചത്.

യശസ്വി ജെയ്‌സ്വാള്‍ 21 പന്തില്‍ നിന്ന് നാലു ബൗണ്ടറിയും മൂന്ന് സിക്‌സും ഉള്‍പ്പെടെ 41 റണ്‍സും നേടി. 200 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്. ക്യാപ്റ്റന്‍ സഞ്ജുവിന് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല എന്നതും ടീമിന്റെ തോല്‍വിയെ ബാധിച്ചു. 11 പന്തില്‍ നിന്ന് 10 റണ്‍സാണ് താരത്തിന് നേടാന്‍ സാധിച്ചത്.

രാജസ്ഥാന് വേണ്ടി ബൗള്‍ ചെയ്തത് ട്രെന്റ് ബോള്‍ട്ടും ആവേശ് ഖാനും മൂന്നു വിക്കറ്റുകള്‍ വീതമാണ് ടീമിന് വേണ്ടി നേടിയത്. സന്ദീപ് ശര്‍മ രണ്ടു വിക്കറ്റുകളും നേടി. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് സഞ്ജുവിന്റെ വജ്രായുധമായ ബോള്‍ട്ട് നേടിയത്. 2024ലിലെ ഐ.പി.എല്‍ പവര്‍പ്ലെയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടാനാണ് താരത്തിന് സാധിച്ചത്.

2024ലിലെ ഐ.പി.എല്‍ പവര്‍പ്ലെയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ്

ട്രെന്റ് ബോള്‍ട്ട് – 12*

ഭുവനേശ്വര്‍ കുമാര്‍ – 10

മിച്ചല്‍ സ്റ്റാര്‍ക്ക് – 9

ഖലീല്‍ അഹമ്മദ് – 8

വൈഭവ് അറോറ – 8

മത്സരത്തില്‍ സണ്‍റൈസേഴ്‌സ് തകര്‍പ്പന്‍ സ്പിന്‍ ബൗളിങ്ങിലാണ് രാജസ്ഥാന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായത്. ടീമിലെ നാല് പേരാണ് രണ്ടക്കം കാണാതെ പുറത്തായത്. അഭിഷേക് ശര്‍മയുടെയും ഷഹബാസ് അഹമ്മദിന്റെയും നിര്‍ണായ ഓവറുകളാണ് രാജസ്ഥാനെ അടിമുടി തകര്‍ത്തത്. ക്യാപ്റ്റന്‍ കമ്മിന്‍സ് കോളര്‍ കാഡ്‌മോറിന്റെ വിക്കറ്റ് നേടിയതോടെയാണ് ഹൈദരാബാദ് വേട്ട ആരംഭിച്ചത്.

തുടര്‍ന്ന് ഷഹബാസ് അഹമ്മദ് ജെയ്‌സ്വാളിനെയും പറഞ്ഞയക്കുകയായിരുന്നു. റിയാന്‍ പാരാഗ്, ആര്‍. അശ്വിന്‍ എന്നിവരുടെ നിര്‍ണായക വിക്കറ്റുകളും താരം നേടി. ക്യാപ്റ്റന്‍ സഞ്ജുവിന്റെയും ഹിറ്റര്‍ ഹെറ്റിയുടെയും നിര്‍ണായക വിറ്റുകള്‍ അഭിഷേക് ശര്‍മയും നേടി. റോവ്മാന്‍ പവലിന്റെ വിക്കറ്റ് ടി. നടരാജനും സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് ഹെന്റിച്ച് ക്ലാസനാണ്. നിര്‍ണായകഘട്ടത്തില്‍ 34 പന്തില്‍ നിന്ന് 50 റണ്‍സാണ് താരം നേടിയത്. അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചത് രാഹുല്‍ ത്രിപാതിയാണ് വെറും 15 പന്തില്‍ നിന്ന് രണ്ട് സിക്‌സറും 5 ഫോറും ഉള്‍പ്പെടെ 37 റണ്‍സാണ് താരം നേടിയത്. ഓപ്പണര്‍ ട്രാവല്‍സ് ഹെഡ് 28 പന്തില്‍ നിന്ന് 34 റണ്‍സ് നേടി.

ഇതോടെ വാശിയേറിയ ഫൈനല്‍ പോരാട്ടത്തിന് മെയ് 26ന് സണ്‍റൈസേഴ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒരുങ്ങി കഴിഞ്ഞു.

 

Content Highlight: Trent Boult In Record Achievement In 2024 IPL