മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ട്രാവിസ് മൈക്കിളിന്റെത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ആഷസ് പരമ്പരയിലാണ് ട്രാവിസ് അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ഇംഗ്ലീഷ് താരം മാര്‍ക്ക് വുഡിന്റെ ഓവറിലായിരുന്നു ട്രാവിസിന്റെ ഹെല്‍മറ്റില്‍ പന്ത് കൊണ്ടത്. 138.6 കിലോമീറ്റര്‍ വേഗതയിലെറിഞ്ഞ ബീമര്‍ ട്രാവിസിന്റെ താടിയില്‍ കൊള്ളുകയും ട്രാവിസ് നിലത്ത് വീഴുകയായിരുന്നു.
ട്രാവിസ് നിലത്ത് വീണ ഉടന്‍ തന്നെ വുഡ് താരത്തിന്റെയെടുത്തേക്ക് ഓടിയെത്തുകയും ക്ഷമ ചോദിക്കുകയും ചെയ്തു. കാര്യമായ പരിക്കേല്‍ക്കാതെ ട്രാവിസ് ബാറ്റിംഗ് പുനരാരംഭിക്കുകയും ചെയ്തു.
മത്സരത്തിന്റെ രണ്ടാം ദിനം അവസാനിക്കെ പുറത്താവാതെ 95 പന്തില്‍ നിന്നും 112 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
ഒരുപക്ഷേ ഹെല്‍മെറ്റ് വെച്ചില്ലായിരുന്നുവെങ്കില്‍ ക്രിക്കറ്റ് പിച്ചിലെ മറ്റൊരു ദുരന്തത്തിനായിരുന്നു ആഷസ് സാക്ഷ്യം വഹിക്കേണ്ടിയിരുന്നത്.